ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് സാമന്ത. മലയാളിയായ ദേവ് മോഹന്‍ നായകനായി എത്തുന്ന ശാകുന്തളമാണ് സാമന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. ഷൂട്ടിംഗിനിടെ കൈയില്‍ പരുക്കേറ്റ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
പുതിയ ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. കൈയില്‍ രക്തക്കറകളും മുറിവും കാണാം. ‘പേര്ക്സ് ഓഫ് ആക്ഷന്‍’ എന്നാണ് ചിത്രം പങ്കുവച്ച് താരം കുറിച്ചത്. അടുത്തിടെ തനിക്ക് മയോസൈറ്റിസ് രോഗബാധയുള്ളതായി സാമന്ത വെളിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. രോഗാവസ്ഥയുമായി പൊരുതുമ്പോഴും ആരാധകര്‍ക്കായി ഫിറ്റ്നസ് വിഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.
ഏപ്രില്‍ പതിനാലിനാണ് ശാകുന്തളം തീയറ്ററുകളില്‍ എത്തുന്നത്. ഫെബ്രുവരി പതിനേഴിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.