സിനിമയില്‍ നിന്ന് താത്ക്കാലികമായി വിട്ടു നില്‍ക്കുകയാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം ആക്ടീവാണ്. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് താരമെത്താറുണ്ട്. ഭര്‍തൃമാതാവിനൊപ്പം താരം പങ്കുവയ്ക്കുന്ന വിഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തമാശരൂപേണയെങ്കിലും അല്പം സീരിയസായ ഒരു വിഷയം പങ്കുവയ്ക്കുകയാണ് സമീറ റെഡ്ഡി.
പെട്രോള്‍ വില വര്‍ധിക്കുകയാണെന്നും തന്റെ കൈവശം ഒരു പരിഹാരമുണ്ടെന്നും പറഞ്ഞ് ഒരു വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. കുട്ടികള്‍ കളിക്കുന്ന ചെറിയ കാര്‍ ഓടിക്കുന്ന സമീറയാണ് വിഡിയോയില്‍. കൂളിംഗ് ഗ്ലാസൊക്കെ വച്ച് കുട്ടിവണ്ടി ഓടിക്കുന്ന സമീറ ആരാധകരില്‍ ചിരിയുണര്‍ത്തുന്നുണ്ട്.
പെട്രോള്‍ വില ദിവസേന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സമീറ റെഡ്ഡി വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് സമീറയുടെ പ്രതിഷേധമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.