കാൻസർ ബാധിതയായി ചികിത്സയിലായിരുന്ന നടി ശരണ്യ ശശി ജീവിതത്തിലേക്ക് തിരികെ നടന്നു തുടങ്ങുന്നു. കിടപ്പിലായിരുന്ന താരം തനിയെ നടന്ന് തുടങ്ങിയെന്നാണ് ഇപ്പോൾ അറിയുന്നത്. കോതമംഗലം നെല്ലിക്കുഴിയിലുള്ള പീസ് വാലിയിലാണ് ശരണ്യയുടെ ചികിത്സ നടക്കുന്നത്.
‘ഇതെന്റെ രണ്ടാം ജന്മമാണ്. ദൈവം ഇവിടെ പീസ് വാലിയിലാണ് ഉള്ളത്’ ശരണ്യ പറഞ്ഞു തുടങ്ങി. മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു ശരണ്യ ശശി. 2012 മുതൽ ഏഴു തവണ ബ്രെയിൻ ട്യൂമർ തുടർച്ചയായി ബാധിച്ചതിനെ തുടർന്ന് ഒൻപത് തവണ തിരുവനന്തപുരം ശ്രീ ചിത്രയിൽ സർജറിക്ക് വിധേയയായി. ബ്രയിൻ ട്യൂമറിനുള്ള ഒൻപതാമത്തെ സർജറിക്കു ശേഷം ശരീരം തളർന്നു പോയ ശരണ്യ രണ്ടു മാസം മുൻപാണ് പീസ് വാലിയിൽ എത്തുന്നത്. പീസ് വാലിയിലെ ചികിത്സയിലൂടെ മാറ്റാരുടെയും സഹായമില്ലാതെ നടക്കുന്ന അവസ്ഥയിലേക്ക് ശരണ്യ എത്തിചേർന്നു.
വീണുപോയ നാൾ മുതൽ ഒപ്പമുണ്ടായിരുന്ന നടി സീമ ജി നായരും ചികിത്സിക്കാൻ പണമില്ലാതെ വലഞ്ഞ നാളിൽ സഹായിച്ച ഫിറോസ് കുന്നംപറമ്പിലും തളർന്നു പോയ തന്റെ മനസ്സും ശരീരവും തിരികെ തന്ന പീസ് വാലി ചെയർമാൻ പി എം അബൂബക്കറുമാണ് തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ സ്ഥാനത്ത് ഉള്ളതെന്ന് ശരണ്യയും അമ്മ ഗീതയും പറയുന്നു. ഓഗസ്റ്റ് മാസത്തിൽ ട്രോളിയിൽ കിടത്തിയാണ് ശരണ്യയെ പീസ് വാലിയിൽ എത്തിച്ചത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു ശരണ്യ. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്ന് നടി സീമ ജി നായരുടെ നേതൃത്വത്തിൽ ശരണ്യക്ക് കൈത്താങ്ങായി നിരവധി പേർ എത്തിയിരുന്നു. സീമ ജി നായരുടെ നേതൃത്വത്തിൽ ശരണ്യക്കായി തിരുവനന്തപുരത്തു വീട് നിർമാണം അന്തിമ ഘട്ടത്തിലാണ്.
എറണാകുളം ജില്ലയിൽ കോതമംഗലം നെല്ലികുഴി പത്തേക്കർ സ്ഥലത്താണ് പീസ് വാലി പ്രവർത്തിക്കുന്നത്. ആരോരുമില്ലാതെ തെരുവിലായിപോയവർക്കായി സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം, നിർധനരായ വൃക്ക രോഗികൾക്കായി ഡയാലിസിസ് കേന്ദ്രം, നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള തെറാപ്പി കേന്ദ്രം, പാലിയേറ്റീവ് കെയർ, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയാണ് പീസ് വാലിയുടെ പ്രവർത്തനങ്ങൾ. പൂർണമായും സൗജന്യമായാണ് എല്ലാ പ്രവർത്തനങ്ങളും. നട്ടെല്ലിന് പരിക്കേറ്റ നൂറോളം പേർ ഇതിനോടകം ചികിത്സയിലൂടെ സ്വയം പര്യാപ്തരായി ജീവിതത്തിലേക്ക് തിരികെ എത്തിയിട്ടുണ്ട്.