മലയാള സിനിമാ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടെ വാലിബൻ. ചിത്രത്തിന്റെ കഥ, മോഹൻലാലിന്റെ ലുക്ക്, മോഹൻലാലിന് ഒപ്പമുള്ള മറ്റ് താരങ്ങൾ ആരൊക്കെ എന്നു തുടങ്ങി നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിനിടയിലാണ് ചിത്രത്തിൽ മോഹൻലാൽ നടത്തിയ പ്രകടനത്തെക്കുറിച്ച് സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്ന മറാഠി നടി സൊണാലി കുൽക്കർണി മനസു തുറന്നിരിക്കുന്നത്.
സിനിമയെക്കുറിച്ച് ഇതുവരെ പുറത്തു വിട്ടിരിക്കുന്ന പ്രധാനവിവരങ്ങൾ സാങ്കേതിക പ്രവർത്തകരുടെ പേര് മാത്രമാണ്. സൊണാലിയെ കൂടാതെ ക്യാരക്ടർ റോളുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഹരീഷ് പേരടിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പെല്ലിശ്ശേരിയുടെ ആമേൻ എന്ന സിനിമയ്ക്ക് ശേഷം പി എസ് റഫീഖ് ഒരുക്കുന്ന തിരക്കഥയാണ് മാലൈക്കോട്ടെ വാലിബന്റേത്.
സിനിമയിലെ ആക്ഷൻ സീനുകൾ മോഹൻലാൽ തനിയെ ചെയ്യുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടു പോയെന്ന് പറയുകയാണ് നടി സൊണാലി. രാജസ്ഥാനിലെ ജയ് സാൽമീറിൽ ആണ് മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.