മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ചക്കപ്പഴം. കഴിഞ്ഞ ദിവസമായിരുന്നു ചക്കപ്പഴത്തില്‍ സുമേഷായി ആരാധകരുടെ കൈയടി വാങ്ങിയ റാഫിയുടെ വിവാഹം. റാഫിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചക്കപ്പഴത്തിലെ താരങ്ങളില്‍ ഒരാള്‍ ഒഴികെ എല്ലാവരും എത്തിയിരുന്നു. പരമ്പരയില്‍ പൈങ്കിളിയായി എത്തുന്ന ശ്രുതി രജനികാന്താണ് വിവാഹത്തില്‍ നിന്ന് വിട്ടുനിന്ന താരം. ശ്രുതി വിവാഹത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. ഇതോടെ വിവാഹത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ശ്രുതി വിവാഹത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം പറഞ്ഞത്. വിവാഹത്തില്‍ നിന്ന് വിട്ടുനിന്നതിനെപ്പറ്റി ഒരുപാട് പേര് ചോദിച്ചിരുന്നുവെന്ന് ശ്രുതി പറയുന്നു. തന്റെ എല്ലാ പോസ്റ്റിനും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. പനി പിടിച്ച് കിടപ്പിലായെന്നും തനിക്ക് ഒട്ടും വയ്യാത്തതിനാലാണ് വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ശ്രുതി പറഞ്ഞു. ഇപ്പോഴും കുറച്ചൊക്കയേ ഓക്കെ ആയിട്ടുള്ളൂ. പൂര്‍ണ്ണമായും ഭേദമായിട്ടില്ല. അവന്റെ കല്യാണത്തിന്റെ അന്ന് ശരിക്കും കിടപ്പായി പോയെന്നും ശ്രുതി പറയുന്നു. പിന്നാലെ താരത്തിന് വേഗത്തില്‍ സുഖമാകട്ടെ എന്ന പ്രാര്‍ത്ഥനയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
പ്രണയ വിവാഹമായിരുന്നു റാഫിയുടേയും മഹീനയുടേയും. ടിക് ടോക്കിലൂടെയായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. റാഫിയുടേയും മഹീനയുടേയും വിവാഹത്തിന് ചക്കപ്പഴം താരങ്ങള്‍ ചേര്‍ന്ന് നൃത്തം ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.