കോലാറിലെ സ്വര്‍ണഖനിയുടെ കഥപറഞ്ഞ കന്നഡ ചിത്രമായിരുന്നു ‘കെജിഎഫി’.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി എല്ലാവരും അക്ഷമരായി കാത്തിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി ഉള്ളതിനാൽ റിലീസ് വൈകുവാനാണ് സാധ്യത.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്ത് അഭിനയിക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഇന്ന് സഞ്ജയ് ദത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് അധീരയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഡബ്ബ് ചെയ്ത ഒന്നാം ഭാഗം, കന്നഡ സിനിമാ വ്യവസായത്തില്‍ ഏറ്റവുമധികം പണം വാരിയ ചിത്രമായിരുന്നു. കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്. 2018 ഡിസംബര്‍ 21നാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യമായി ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.
‘കോലാര്‍ ഗോള്‍ഡ് ഫീല്ഡ്സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെ ജി എഫ്’. കര്‍ണാടകത്തിലെ കോലാര്‍ സ്വര്‍ണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം. രണ്ടുഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം നീണ്ട മൂന്നുവര്ഷങ്ങളെടുത്താണ് പ്രശാന്ത് നീല്‍ പൂര്‍ത്തിയാക്കിയത്.