മലയാളത്തിന്റെ ആദ്യ ഡയറക്റ്റ് ഒ ടി ടി റിലീസായി തയ്യാറെടുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യ, അതിഥി റാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് വിജയ് ബാബു ആണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
അതിഥി റാവു ഒരിടവേളയ്ക്ക് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് സൂഫിയും സുജാതയ്ക്കും. മമ്മൂട്ടി നായകനായി 2006ൽ പുറത്തിറങ്ങിയ പ്രജാപതിയാണ് താരത്തിന്റെ ആദ്യ മലയാള സിനിമ. സിനിമ കരിയറിലെ ആദ്യ ചിത്രവും ഇത് തന്നെ. ചുരുക്കം ചില സിനിമകളിലൂടെ തന്നെ ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ച നടിയാണ് അതിഥി റാവു. ഒട്ടുമിക്ക സിനിമാ ഇൻഡസ്ട്രികളിലും അഭിനയിച്ചെങ്കിലും പിന്നീട് ഒരു മലയാള സിനിമ മാത്രം അതിഥിക്ക് അന്യമായി നിന്നു. ഇപ്പോൾ മികച്ച ഒരു തിരക്കഥ ഒത്തുവന്നപ്പോൾ മലയാളത്തിലേക്ക് വീണ്ടും കാലെടുത്ത് വെക്കുകയാണ് ഈ താരസുന്ദരി.
നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകൻ. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും. ആമസോൺ പ്രൈമിൽ ജൂലൈ മൂന്നിന് റിലീസ് ചെയ്യും.