യുവതാരമായ അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ സ്വീകരിക്കുന്നത്. വെറും മൂന്ന് നാല് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളികളുടെ മനസ് കവർന്ന താരമാണ് അഹാന. അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മക്കളുടെ പേരുകൾ. അഹാന ഇൻസ്റ്റഗ്രാമിൽ അടുത്തിടെ പങ്കു വച്ച ഒരു സ്റ്റോറിക്ക് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. തിരുവനന്തപുരത്തെ ലോക്ക് ഡൗൺ ആസ്പദമാക്കിയുള്ള ഒരു സ്റ്റോറി ആയിരുന്നു അത്.
അതിന് ശേഷം ഒരു കൂട്ടം ആളുകളുടെ സൈബർ ബുളിങ്ങിനും അറ്റാക്കിനും താരം ഇരയായിരുന്നു. താരത്തിന്റെ കുടുംബത്തിന് നേരെയും അവർ വാക്കുകൾ കൊണ്ട് തെറിയും വൃത്തികേടും എഴുതി വിട്ടിരുന്നു. ഇതിനെതിരെയാണ് താരമിപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സൈബർ അറ്റാക്ക് നടത്തുന്നവർക്ക് അഹാനയുടെ വക പ്രണയം ലേഖനം എന്ന ക്യാപ്ഷനോടെ ഒരു വീഡിയോ താരം സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്. എട്ടു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിലൂടെ ഇത്തരക്കാരെ നല്ല രീതിയിൽ തന്നെ താരം പരിഹസിച്ചിട്ടുണ്ട്.
പിന്നീട് അഹാനക്ക് എതിരെ കമന്റ് ചെയ്ത ഒരു വ്യക്തിയുടെ കമന്റ് കുറച്ചു ഭാഗം മാത്രം ക്രോപ്പ് ചെയ്ത് അഹാന സ്റ്റോറി ഇട്ടിരുന്നു. അതിനെതിരെയും വൻ പ്രതിഷേധം വന്നിരുന്നു. ഇപ്പോൾ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് അഹാന.
ഒരുപാട് വർഷങ്ങളായി സോഷ്യൽ മീഡിയയിലും പുറത്തും നിങ്ങളെല്ലാവരുടെയും അകമഴിഞ്ഞ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് ഞാനും എന്റെ കുടുംബവും. അതു കൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഞങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്. ഞാൻ പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ചുവട് പിടിച്ച് ഒട്ടനവധി മെസേജുകളാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ലഭിച്ചത്, അതിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് ആ സ്റ്റോറിയിൽ പരാമർശിക്കപ്പെട്ട വ്യക്തിയോടും, അതോടൊപ്പം ആ സ്റ്റോറി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടും ഒരു വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ചുറ്റിലും ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അതെല്ലാം പ്രോസസ്സ് ചെയ്തെടുക്കാൻ എനിക്കൊരല്പം സാവാകാശം ആവശ്യമായിരുന്നു. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല എന്റെ ഉദ്ദേശം. എന്റെ പോസ്റ്റിനു താഴെ ആ വ്യക്തിയിട്ട കമന്റിലെ ചില ഭാഗങ്ങളോടുള്ള എന്റെ അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ ഭാഗം മാത്രമായി സ്റ്റോറിയിൽ ഉൾപ്പെടുത്തിയത്.
മുകളിൽ പറഞ്ഞത് പോലെ ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുക്കാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് അദ്ദേഹത്തിന്റെ പരാമർശത്തിനു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഈ നിമിഷത്തിൽ എന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികൾ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാൻ മനസ്സിലാക്കുന്നു. വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്പാദ്യമാണ്. അതു കൊണ്ടാണ് നിങ്ങളുമായി ബന്ധപ്പെട്ട ഒരോ മൈൽസ്റ്റോണുകളും നമ്മൾ ഒരുമിച്ച് ആഘോഷിച്ചിട്ടുള്ളത്. നാളിതു വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും കരുതലുമാണു എന്നെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്നുമുള്ള പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം അഹാന കൃഷ്ണ