മലയാളത്തിലെ പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. അടുത്തയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ സംബന്ധിച്ച് പല തരത്തിലുള്ള ഊഹാപോഹങ്ങളും പ്രേക്ഷകരുടെ ഇടയിൽ പ്രചരിക്കുന്നുണ്ട് എന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. അർച്ചന എന്ന കഥാപാത്രത്തിന്റെ പ്രായമാണ് 31 എന്ന് ചിലർ പറയുമ്പോൾ, അവൾക്കു വന്ന കല്യാണാലോചനകളുടെ എണ്ണമാണ് മുപ്പത്തിയൊന്നു എന്ന് ചിലർ പറയുന്നു. വേറെ ചിലർ 31 നോട്ട് ഔട്ട് എന്ന വാക്കിനെ ക്രിക്കറ്റ് കളിയുമായി വരെ ബന്ധപ്പെടുത്തുന്നുണ്ട് എന്നും ഐശ്വര്യ പറയുന്നു. ഈ പേരിന്റെ അർഥം എന്തെന്ന് ചിത്രം കാണുമ്പോഴേ മനസ്സിലാവൂ എന്നും താരം പറഞ്ഞു.
എന്നാൽ ശരിക്കുമുള്ള ജീവിതത്തിൽ ഐശ്വര്യ ലക്ഷ്മിക്ക് കല്യാണാലോചന വരുന്നുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. തന്റെ അമ്മയാണ് കുറെ ആലോചനകൾ കൊണ്ട് വരുന്നത് എന്നും പലപ്പോഴും നല്ല ബന്ധമാണ്, നല്ല ആളാണ് എന്നൊക്കെ ‘അമ്മ പറയുമ്പോൾ എന്നാൽ ‘അമ്മ കല്യാണം കഴിച്ചോളൂ എന്നാണ് താൻ പറയാറുള്ളത് എന്ന് ഐശ്വര്യ സരസമായി പറയുന്നു. ഇത് കുറെ തവണ ആവർത്തിച്ചപ്പോൾ, അച്ഛൻ പറഞ്ഞു ഇനി വേണ്ട ശരിയാവില്ല എന്നാണെന്നും ഐശ്വര്യ പറഞ്ഞു. ഇനി ‘അമ്മ ശരിക്കും കല്യാണം കഴിച്ചാലോ എന്നായിരുന്നു അച്ഛന്റെ പേടി എന്നാണ് അതീവ രസകരമായി ഐശ്വര്യ പറയുന്നത്.
നല്ല സിനിമകൾ ചെയ്യുന്നത് തന്നെയാണ് ഇപ്പോൾ തനിക്കു ഏറ്റവും സന്തോഷം പകരുന്ന കാര്യം എന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ഈ മലയാള ചിത്രം കൂടാതെ മണി രത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനിലും ഐശ്വര്യ അഭിനയിച്ചു. ആ ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. സിനിമ ഡാഡിക്കു നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ മേൽപ്പറഞ്ഞ രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തിയത്. കുമാരി, ബിസ്മി സ്പെഷ്യൽ എന്നീ മലയാള ചിത്രങ്ങളും, ക്യാപ്റ്റൻ എന്ന തമിഴ് ചിത്രവും ഗോഡ്സെ എന്ന തെലുങ്ക് ചിത്രവും ഐശ്വര്യ നായികയായി ഇനി എത്താനുള്ള ചിത്രങ്ങളാണ്.