കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ധനുഷ് നായകനാകുന്നു എന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു.രജനികാന്ത് നായകനായ പേട്ട എന്ന ചിത്രത്തിനുശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളികൾക്കും ആഹ്ലാദകരമായ ഒരു വാർത്തയാണ് ഈ ചിത്രത്തെ സംബന്ധിച്ച് ഉള്ളത്.മലയാളി നടി ഐശ്വര്യ ലക്ഷ്മി ഈ ചിത്രത്തിൽ ധനുഷിന്റെ നായികയാകുന്നു എന്നതാണ് സന്തോഷകരമായ ആ വാർത്ത. ഇതാദ്യമായാണ് ഐശ്വര്യ ലക്ഷ്മി തമിഴ് സിനിമയിൽ അഭിനയിക്കുന്നത്.ചിത്രത്തിൽ ഇന്റർനാഷണൽ ഡോണിന്റെ വേഷത്തിൽ ആണ് ധനുഷ് എത്തുക.ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആയിട്ടാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.
വൈ നോട്ട് സ്റ്റുഡിയോസാണ് നിർമാണം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ഐശ്വര്യ തമിഴിൽ അഭിനയിക്കുന്നുണ്ട് .തമന്നയാണ് ഈ ചിത്രത്തിലെ മറ്റൊരു നായിക. തമിഴ് സിനിമയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനോടൊപ്പം തന്നെ മലയാളത്തിലും ഒട്ടനവധി ചിത്രങ്ങളാണ് ഐശ്വര്യലക്ഷ്മിയെ കാത്തിരിക്കുന്നത് .പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേയാണ് ഐശ്വര്യയുടെ അടുത്ത് റിലീസ്.