തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെ ഐപിഎസ് വിവാഹിയായി. കൊച്ചി സ്വദേശിയും ഐ.ടി ഉദ്യോഗസ്ഥനുമായ അഭിഷേക് ഗീവര്‍ഗീസാണ് വരന്. തിങ്കളാഴ്ച മുംബൈ ജൂഹുവിലെ ഇസ്കോണ്‍ മണ്ഡപഹാളില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എത്തിയിരുന്നു.
കൊച്ചി സ്വദേശികളായ ഗീവര്‍ഗീസിന്റെയും ചിത്ര കൃഷ്ണന്റെയും മകനാണ് അഭിഷേക്. നിലവില്‍ മുംബൈയിലാണ് അഭിഷേക് ജോലി ചെയ്യുന്നത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്തിന്റെയും അഞ്ജന ഡോങ്റെയുടെയും മകളാണ് ഐശ്വര്യ. 1995ലാണ് ജനനം. ഐശ്വര്യ പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ്. മുംബൈ സെന്റ് സേവിയേഴ്സ് കോളജില്‍ ഇക്കണോമിക്സിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം നേടി. ഐഎഎസ് മോഹിച്ചാണ് ഐശ്വര്യ സിവില്‍ പരീക്ഷ എഴുതിയത്. ആദ്യ പരിശ്രമത്തില്‍ തന്നെ രാജ്യത്ത് 196-ാം റാങ്ക് നേടി. എന്നാല്‍ ഐഎഎസ് ലഭിച്ചില്ല. തുടര്‍ന്നാണ് ഐപിഎസ് തെരഞ്ഞെടുത്തത്.
കൊവിഡ് കാലത്ത് അര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ ഹൃദയം കൊച്ചിയിലെത്തിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കിത് ഐശ്വര്യയായിരുന്നു. അന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറായിരുന്നു ഐശ്വര്യ. കൊച്ചി ഡിസിപിയായി ചാര്‍ജെടുത്തയുടന്‍ മഫ്തിയിലെത്തിയ തന്നെ തടഞ്ഞ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിച്ച് ഐശ്വര്യ വിവാദത്തില്‍പ്പെട്ടിരുന്നു.