മലയാളത്തിലെ ഭാഗ്യനായികയായി ഇപ്പോൾ ഉള്ളത് ആരാണെന്ന് ചോദിച്ചാൽ നിസംശയം പറയാവുന്ന ഒരു പേരാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നീ ഹാട്രിക്ക് ഹിറ്റുകൾക്ക് ശേഷം ഐശ്വര്യ ലക്ഷ്മി നായികയായ വിജയ് സൂപ്പറും പൗർണ്ണമിയും മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. നിവിൻ പോളി, ടോവിനോ തോമസ്, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിങ്ങനെ മലയാളത്തിലെ പ്രധാന യുവനായകന്മാർക്കൊപ്പം അഭിനയിക്കുകയും അതെല്ലാം വിജയമാവുകയും ചെയ്ത ത്രില്ലിലാണ് ഐശ്വര്യ ലക്ഷ്മി.
വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ഒരു ചാനൽ പരിപാടിക്ക് വന്ന ഒരു മുത്തശ്ശിയുടെ കൂടെ നിൽക്കുന്ന ഒരു ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഐശ്വര്യ ലക്ഷ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന ക്യാപ്ഷനോട് കൂടി ഷെയർ ചെയ്തിരിക്കുന്ന ചിത്രത്തിൽ മുത്തശ്ശിയെ കണ്ട സന്തോഷവും ആ മുഖത്തെ പുഞ്ചിരി കണ്ട സന്തോഷവും ഐശ്വര്യ പങ്ക് വെച്ചിട്ടുണ്ട്. അതിലും ഹൃദ്യം പോസ്റ്റിന് ആ മുത്തശ്ശിയുടെ കൊച്ചുമകൻ നൽകിയ മറുപടിയും അതിനുള്ള ഐശ്വര്യയുടെ മറുപടിയുമാണ്. അത് എന്റെ മുത്തശ്ശിയും അമ്മയുമാണ്, ഇത്തരത്തിൽ മനോഹരമായ ഒരു ദിനം സമ്മാനിച്ച ഐശ്വര്യക്ക് നന്ദി പറഞ്ഞ ദിലീഷ് എന്ന കൊച്ചുമകനോട് മുത്തശ്ശിയെ കൊണ്ട് വന്നതിന് നന്ദി പറയുകയാണ് ഐശ്വര്യ ചെയ്തത്.