ഈയിടെയാണ് ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അജയ് ദേവ്ഗണ് മുംബൈയിലെ ജുഹുവില്‍ ഒരു പടുകൂറ്റന്‍ ബംഗ്ലാവ് സ്വന്തമാക്കിയത്. 47.5 കോടി രൂപ ചെലവിട്ടാണ് 474.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ബംഗ്ലാവ് താരം വാങ്ങിയത്. വീടിന്റെ വിലയും ചിത്രങ്ങളുമെല്ലാം തന്നെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഈ ബംഗ്ലാവ് വാങ്ങാന്‍ താരം വായ്പ എടുത്തിട്ടുണ്ടെന്നാണ് പുതിയ വാര്‍ത്ത.
വീട് വാങ്ങുന്നതിനായി 18.75 കോടി രൂപയാണ് അജയ് ദേവ്ഗണ് വായ്പയായി എടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29 ന് ബംഗ്ലാവ് വാങ്ങിയെങ്കിലും ഏപ്രില്‍ 27 നാണ് വായ്പയെടുത്തത്. തന്റെയും അമ്മ വീണ വീരേന്ദ്ര ദേവ്ഗണിന്റെ പേരിലും സംയുക്തമായാണ് അജയ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തത്. മെയ് 7 നായിരുന്നു രജിസ്ട്രേഷന്. കപോള്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ‘ശിവ ശക്തി’ എന്നാണ് വീടിന്റെ പേര്. വീടിനായി 2.73 കോടി രൂപയാണ് അദ്ദേഹം സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതോടെ ജാന്‍വി കപൂര്‍, ആലിയ ഭട്ട്, ഹൃത്വിക് റോഷന്, അമിതാഭ് ബച്ചന് തുടങ്ങിയ നിരവധി സെലിബ്രിറ്റികളാണ് മുംബൈയില്‍ അത്യാഡംബര ഭവനങ്ങള്‍ സ്വന്തമാക്കിയിരുന്നു. ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ അറ്റ്ലാന്റിസ് കെട്ടിടത്തില്‍ 31 കോടി രൂപ ചെലവിട്ടാണ് അമിതാഭ് ബച്ചന് തന്റെ ഏറ്റവും പുതിയ വീട് വാങ്ങിയത്.