ഹെദരാബാദില്‍ നിന്ന് ചെന്നൈയിലേക്ക് ബൈക്കില്‍ യാത്ര ചെയ്ത് നടന് അജിത്ത് കുമാര്‍. നേരത്തെ വരാണസിയില്‍ ഒരു ആരാധകനൊപ്പം അജിത് കുമാര്‍ നില്‍ക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വഴിവക്കിലെ ഒരു ചാട്ട് ഷോപ്പില്‍ നിന്ന് അജിത്ത് ഭക്ഷണം കഴിക്കുന്നതു കണ്ട ആരാധകന് അദ്ദേഹത്തെ തിരിച്ചറിയുകയും ഒപ്പം നിന്ന് ഒരു ചിത്രമെടുക്കുകയുമായിരുന്നു. തന്റെ പുതിയ ചിത്രം ‘വലിമൈ’യുടെ ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ അജിത്ത് യാത്രയുടെ ഭാഗമായി വരണാസിയില്‍ എത്തിയെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം.
ഹൈദരാബാദില്‍ നിന്ന് സിക്കിമിലേക്കാണ് അജിത്തിന്റെ ബൈക്ക് യാത്ര. തന്റെ ബിഎംഡബ്ല്യു ബൈക്കിലാണ് അജിത്തിന്റെ സഞ്ചാരം. സിക്കിമിലേക്കുള്ള യാത്രാമധ്യേയാണ് വരാണസിയില്‍ അദ്ദേഹം എത്തിയത്. സിക്കിമില്‍ എത്തിയാല്‍ തിരികെ ചെന്നൈയിലേക്കുള്ള യാത്രയും ഇതേ ബൈക്കില്‍ തന്നെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെറിയ ലഗേജ് ബിന്നില്‍ വച്ചുകെട്ടിയ ബൈക്കിനൊപ്പമുള്ള അജിത്തിന്റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വരുന്ന മെയ് ഒന്നിന് അജിത്തിന്റെ അന്‍പതാം പിറന്നാള്‍ ആണ്. ഈ ദിവസം ‘വലിമൈ’ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ റിലീസിനെക്കുറിച്ച് തല്ക്കാലം ആലോചിക്കേണ്ടെന്നാണ് അജിത്ത് നിര്‍മ്മാതാക്കളോട് അറിയിച്ചിരിക്കുന്നതെന്ന് അറിയുന്നു. കൊവിഡ് സാഹചര്യത്തില്‍ കാര്യമായ മാറ്റമുണ്ടാവാതെ ചിത്രം റിലീസ് ചെയ്യേണ്ടെന്നാണ് തന്റെ തീരുമാനമായി അജിത്ത് നിര്‍മ്മാതാക്കളെ അറിയിച്ചിരിക്കുന്നത്.
സൂപ്പര്‍ബൈക്കുകളോട് വലിയ അഭിനിവേശമുള്ള അജിത് കുമാര്‍ പലപ്പോഴും റേസിംഗ് ട്രാക്കുകളിലേക്കും എത്താറുണ്ട്. പുതിയ ചിത്രം ‘വലിമൈ’യുടെ ചിത്രീകരണത്തിന്റെ ഭാഗമായ ബൈക്ക് സ്റ്റണ്ടിനിടെ രണ്ട് തവണ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍ ആണ്. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.