മലയാള സിനിമയുടെ ഏറ്റവും വലിയ അഭിവാജ്യ ഘടകങ്ങളിൽ ഒന്നായി മാറിയ നടനാണ് അജു വർഗീസ്.റിലീസ് ആകുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും അജു വർഗീസിന്റെ സാന്നിധ്യം ഉറപ്പ്.ഇനി താൻ ഇല്ലാത്ത ചിത്രം ആണെങ്കിൽ കൂടിയും,ഫേസ്ബുക്കിൽ അജു വർഗീസിന്റെ വക പ്രൊമോഷൻ ഉറപ്പാണ്.ഈ ഓണക്കാലത്തും അജു വർഗീസിന്റേതായി രണ്ട് ചിത്രങ്ങൾ തിയറ്ററുകളിൽ എത്തുന്നുണ്ട്.എന്നാൽ അതിനുമുണ്ട് ഒരു പ്രത്യേകത.
ഒരു ചിത്രത്തിൽ നടനാണെങ്കിൽ മറ്റൊരു ചിത്രത്തിൽ നടനും നിർമാതാവും കൂടിയാണ് അജു വർഗീസ്.മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ ആദ്യാവസാനം അജു വർഗീസ്നിറഞ്ഞ് നിൽക്കും.നിവിൻ പോളി ചിത്രം ലൗ ആക്ഷൻ ഡ്രാമയിലും അജു വർഗീസിന്റെ നിറ സാന്നിധ്യം ഉണ്ടാകും,ഒപ്പം ചിത്രത്തിന്റെ നിർമാതാവ് എന്ന ലേബലും.ഈ രണ്ട് ചിത്രങ്ങളിലൂടെയും ഓണക്കാലം തന്റെ പേരിൽ കുറിക്കാൻ ഒരുങ്ങുകയാണ് അജു വർഗീസ് ഇപ്പോൾ.രണ്ട് ചിത്രങ്ങളുടെ വിജയപ്രതീക്ഷയാകട്ടെ ആകാശത്തോളം ഉണ്ട് താനും.
ഇപ്പോൾ അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു ആരാധകൻ കുറിച്ച കമന്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇത്തവണത്തെ ഓണം ലൗ ആക്ഷൻ ഡ്രാമയ്ക്കുള്ളതാകട്ടെ,നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറട്ടെ എന്നാണ് ആ ആരാധകൻ പറയുന്നത്.ഈ കമന്റിന് റീപ്ലേയുമായി രംഗത്ത് എത്തിയിരിക്കുന്നത് അജു വർഗീസ് തന്നെയാണ്.ചിത്രം അങ്ങനെ തന്നെ ഹിറ്റായി മാറട്ടെ എന്നും അതോടൊപ്പം ഇട്ടിമാണിയും ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറട്ടെ എന്നും അജു വർഗീസ് പറയുന്നു.അജുവിന്റെ ഈ കമന്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
ഇട്ടിമാണി ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണ്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകൻറെ കുപ്പായമണിയുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.