ദിലീപിനെ ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയിൽ കണ്ടതേയില്ലെന്ന് നടൻ അജു വർഗീസ്. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയമെന്നും ചിരിപ്പിക്കുന്നതിനൊപ്പം ഒരു മെസേജ് കൂടി തരുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയെന്നും അജു പറഞ്ഞു. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ ദിലീപ്, ഉർവശി എന്നൊന്നും കാണാൻ കഴിഞ്ഞില്ല. പകരം കേശുവിനെയും രത്നത്തെയും മാത്രമാണ് കണ്ടതെന്നും അജു പറഞ്ഞു. സുഹൃത്തുക്കൾ ഒരുമിക്കുമ്പോൾ കാണുന്ന ഒരു മാജിക് ദിലീപും നാദിർഷും ഒരുമിച്ച ഈ ചിത്രത്തിലും കാണാമെന്നും അജു പറഞ്ഞു.
ഡിസംബർ 31ന് ആയിരുന്നു ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ആയത്. ദിലീപ് – നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫാമിലി കോമഡി ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. സജീവ് പാഴൂർ ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സിനിമയിലെ ദിലീപിന്റെ മേക്ക്ഓവർ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഉർവശി നായികയായി എത്തുന്ന ചിത്രത്തിൽ സലിം കുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, അനുശ്രീ, സ്വാസിക എന്നിവരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. അനിൽ നായരാണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നാദിർഷ തന്നെയാണ്.