ബിഗ് ബോസ് സീസൺ 2 വിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കുവാൻ ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ അജു വർഗീസ്. ആരാധന വ്യക്തിതാൽപര്യമാണെന്നും പക്ഷേ ഒരു മാസ്ക് എങ്കിലും വന്നവർക്ക് ഉപയോഗിക്കാമായിരുന്നു എന്നുമാണ് അജു വർഗീസ് പറയുന്നത്.
വിമാനത്താവളത്തിലെത്തിയ ആളുകളുടെ ഫോട്ടോ സഹിതം പങ്കു വച്ചു കൊണ്ടാണ് അജുവർഗീസ് ഇങ്ങനെ കുറിച്ചിരിക്കുന്നത്. അതിനുപിന്നാലെ ബവറേജസ് ഷോപ്പിലെ ജനക്കൂട്ടത്തിന്റെ ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. കൊറോണ ബാധയിൽ ജാഗ്രത പുലർത്തേണ്ട സമയത്ത് ഇത്തരത്തിലെ കൂട്ടംകൂടി നിൽപ്പ് നൽകുന്ന വെല്ലുവിളികളെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തലുകളാണ് ഈ ചിത്രങ്ങൾ. നിയമം ലംഘിച്ച് ഇന്നലെ വിമാനത്താവളത്തിലെത്തിയ പേര് അറിയാവുന്ന നാലുപേർ ഉൾപ്പെടെ മൊത്തം 75 പേർക്കെതിരെയാണ് എറണാകുളം ജില്ലാ കളക്ടർ കേസെടുത്തിരിക്കുന്നത്.