സോഷ്യൽ മീഡിയ നിറയെ മിന്നൽ മുരളിയെക്കുറിച്ചുള്ള ചർച്ചകളാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോയെ പ്രേക്ഷകർ ഏറ്റെടുത്തു. ഒപ്പം, സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ തങ്ങി നിന്നത് ചിത്രത്തിലെ വില്ലൻ ആയിരുന്നു. ഷിബു എന്ന കഥാപാത്രത്തിലൂടെ ഗുരു സോമസുന്ദരം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം പുതിയ തലങ്ങളിലേക്ക് ആണ് എത്തിയിരിക്കുന്നത്.
സിനിമയിലെ പോത്തൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി എത്തിയ അജു വർഗീസും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ മറ്റ് താരങ്ങളുടെ പ്രകടനം പോലെ തന്നെ ചർച്ച ചെയ്യേണ്ട പ്രകടനമാണ് അജു വർഗീസിന്റേതെന്നാണ് അഭിപ്രായം. സിനിമാപ്രാന്തൻ എന്ന സോഷ്യൽ മീഡിയ പേജിൽ വന്ന അഭിപ്രായം ഇങ്ങനെ, ‘മിന്നൽ മുരളിയുമായി ബന്ധപ്പെട്ട പല ചർച്ചകളിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ സിനിമയിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു പേരാണ് ഈ ചിത്രത്തിലെ ‘അജു വർഗ്ഗീസി’ന്റെ പ്രകടനത്തെ കുറിച്ച്!! പ്രധാന നായകന്റെ നിഴലായും കഥാഗതികൾ കൊഴുപ്പിക്കുന്ന ഫിസിക്കൽ പ്രസൻസായും കോമിക്ക് റിലീഫിനുള്ള ടൂളായും മലയാള സിനിമ അജുവിനെ ഉപയോഗിക്കാൻ തുടങ്ങിയ നാൾ തൊട്ട് പ്രഡിക്ടബിളായ, ക്ലീഷേ സ്വഭാവമുള്ള, ഏതാണ്ട് ഒരേ മീറ്ററിലുള്ള കഥാപാത്രങ്ങളിലും ഡയലോഗ് ഡെലിവറിയിലും ബോഡി ലാഗ്വജിലും അയാളിലെ നടൻ ഒതുങ്ങി പോയിരുന്നു എന്ന് പലപ്പോളും തോന്നാറുണ്ട്. അതിന്റെ ഒരു തിരുത്തി എഴുത്ത് കൂടി ആയിരുന്നു മിന്നൽ മുരളിയിലേത്.
മിന്നൽ മുരളിയിൽ അജു വർഗ്ഗീസ് കെട്ടിലും മട്ടിലും ഭാവങ്ങളിലും സൂക്ഷ്മചലനങ്ങളിൽ പോലും വില്ലനിയസായ ഉള്ളിലെവിടെയോ ചിതറാൻ പാകത്തിനുള്ള ഒരു തീയുമായി ഉരുകി നടക്കുന്ന ഫീലുണ്ടായി. പലപ്പോഴും തന്റെ കോമഡി സ്വഭാവമുള്ള പെർഫോമൻസിന്റെ ഒരു അപ്ഗ്രേഡഡ് വേർഷനും നമുക്ക് ഈ സിനിമയിൽ കാണാം. കഥാപാത്ര ഗതിയിലോ പ്രാധാന്യത്തിലോ എടുത്തു പറയാൻ തക്ക പുതുമയൊന്നും ഉണ്ടായില്ലെങ്കിലും ആ കഥാപാത്ര നിർമ്മിതി അജു വർഗ്ഗീസ് എന്ന നടന്റെ അഭിനയ സാധ്യതകളുടെ ഇതുവരെ കാണാത്ത മറ്റൊരു മാനം കാണുന്നുണ്ട്. പോത്തൻ എന്ന കഥാപാത്രത്തിലൂടെ നടൻ എന്ന നിലയിൽ തന്റെ അനന്തമായ സാധ്യതകളെയാണ് അജു തുറന്നിടുന്നത്.’