പൃഥ്വിരാജ് ബിജുമേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളം ഇൻഡസ്ട്രിയിൽ വൻവിജയമായി തീർന്ന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ നായകന്മാരായി എത്തുന്നത് ശശി കുമാറും ശരത്കുമാറും ആണ്. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെ പറ്റിയുള്ള വാർത്തകളാണ് പുറത്തുവരുന്നത്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റെർടെയിൻമെന്റ്സ് അവകാശം സ്വന്തമാക്കിയിരിക്കുന്ന ചിത്രത്തിൽ കോശിയുടെ റോളിൽ റാണ ദഗുബാട്ടിയും അയ്യപ്പൻ നായരുടെ റോളിലേക്ക് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുമാണ് എത്തുന്നത്. ബാലയ്യ ഇതു സംബന്ധിച്ച് അവസാന തീരുമാനം പറഞ്ഞിട്ടില്ലെങ്കിലും റാണ ദഗുബാട്ടി ഇതിനോടകം കരാറിൽ ഒപ്പിട്ടു കഴിഞ്ഞു. ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തിയ അയ്യപ്പനും കോശിയിലെ രണ്ടു കഥാപാത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു.
അനാർക്കലി എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോൾ, ബിജു മേനോന് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു.ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.