കോമഡി റോളുകളിലൂടെയും എണ്ണം പറഞ്ഞ വില്ലൻ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന കലാഭവൻ ഷാജോൺ സംവിധാനരംഗത്തേക്ക് കൂടിയും പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രദേഴ്സ് ഡേ എന്ന് പേരിട്ടിരിക്കുന്ന പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കും. ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 2.0യിലും ഷാജോണ്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. നവംബർ 29ന് ചിത്രം തീയറ്ററുകളിൽ എത്തും. രജനീകാന്തിനൊപ്പം കോമ്പിനേഷൻ സീനുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അക്ഷയ് കുമാറിനൊപ്പം നിരവധി രംഗങ്ങളില്‍ എത്തുന്നുണ്ടെന്ന് ഷാജോണ്‍ വ്യക്തമാക്കുന്നു.
“ഷൂട്ടിങ്ങിനിടെ അക്ഷയുമായി അധികമൊന്നും സംസാരിക്കാന്‍ ആയിരുന്നില്ല. കടുത്ത മേക്കപ്പ് കാരണം അക്ഷയ് കുറച്ചുമാത്രമാണ് സംസാരിച്ചിരുന്നത്. ഷൂട്ടിംഗ് തീരാറായ ഘട്ടത്തില്‍ അക്ഷയ് കുമാറിനൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നതായി അസോസിയേറ്റിനോട് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് അക്ഷയ് കുമാറിന്റെ ഷൂട്ടിംഗ് നേരത്തെ അവസാനിച്ചു. അതിനുശേഷം തന്റെ കുറെയധികം ക്ലോസപ്പ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഉണ്ടായിരുന്നു. അതിനാല്‍ സെല്‍ഫി എടുക്കാന്‍ ഉള്ള ആഗ്രഹം നടക്കില്ലെന്നാണ് കരുതിയത്. അക്ഷയ് കുമാറിന്റെ മേക്കപ്പ് നീക്കം ചെയ്യാന്‍ രണ്ടുമണിക്കൂറോളം ആവശ്യമാണ്. ഏതാണ്ട് മൂന്നുമണിക്കൂര്‍ ആയപ്പോള്‍ അസോസിയേറ്റ് വന്ന് എന്നോട് അക്ഷയ് കുമാര്‍ വെയ്റ്റ് ചെയ്യുന്നതായി അറിയിച്ചു. സെല്‍ഫി എടുക്കുന്നതിനുള്ള തന്റെ ആഗ്രഹം പൂര്‍ത്തിയാക്കാനാണ് അക്ഷയ് കുമാര്‍ കാത്തിരിക്കുന്നത് എന്നറിഞ്ഞ് ഞാൻ ഞെട്ടി.” ഷാജോണ്‍ പറയുന്നു.