പലതരം അഭ്യാസപ്രകടനങ്ങൾ കണ്ടിട്ടുള്ള പ്രേക്ഷകരെ ഇതെന്ത് സംഭവമെന്ന് ചോദിപ്പിക്കുന്ന ഒരു വീഡിയോയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ പങ്ക് വെച്ചിരിക്കുന്നത്. ബെൽബോട്ടം എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. പറന്ന് വരുന്ന ഒരു വിമാനത്തെ വെറും കൈകൾ കൊണ്ടാണ് അക്ഷയ് കുമാർ തടഞ്ഞു നിർത്തുന്നത്.
അക്ഷയ് കുമാറിനെ നായകനാക്കി രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്ത ബെല്‍ബോട്ടം ഓഗസ്റ്റ് 19നാണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തില്‍ വാണി കപൂര്‍, ലാറ ദത്ത, ഹുമ ഖുറേഷി എന്നിവരും പ്രധാനവേഷത്തിലുണ്ട്. ബെല്‍ബോട്ടം എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന, സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ഡെന്‍സില്‍ സ്മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്, തലൈവാസല്‍ വിജയ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതം തനിഷ്ക് ബാഗ്ച്ചി. പൂജ എന്റർടെയ്ൻമെൻറ്, എമ്മെ എന്റർടെയ്ൻമെൻറ് എന്നീ ബാനറുകളില്‍ വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖില്‍ അദ്വാനി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 2019ൽ റിലീസ് ചെയ്ത കോമഡി ഡ്രാമ ചിത്രം ‘ഗുഡ് ന്യൂസ്’ ആയിരുന്നു ഇതിനു മുന്‍പ് തിയറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രം.