സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സിനിമാ ചിത്രീകരണങ്ങള്‍ക്ക് ഇളവു നല്‍കിയിട്ടില്ല. ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അല്‍ഫോന്‍സ് പുത്രന്. സിനിമ ജീവനക്കാര്‍ക്കും തൊഴില്‍ ചെയ്യണം. ബാക്കിയുള്ളവരെല്ലാം തൊഴിലെടുത്ത് ജീവിക്കുമ്പോള്‍ തങ്ങളെ മാത്രം മാറ്റി നിര്‍ത്തുന്നത് എന്ത് കാരണത്താലാണെന്നാണ് അല്‍ഫോന്‍സ് പുത്രന് ചോദിക്കുന്നത്.
ഷൂട്ടിങ്ങ് സമയത്ത് ക്ലോസ് അപ്പ് ഷോട്ട് എടുക്കണമെങ്കിലും ഞങ്ങള്‍ 2 മീറ്റര്‍ അകലം പാലിച്ചെ മതിയാവു. പിന്നെ എന്തിന്റെ പേരിലാണ് ചിത്രീകരണത്തിന് അനുവാദം നല്‍കാത്തതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
‘എന്താണ് സിനിമ ചിത്രീകരണം ആരംഭിക്കാന്‍ സമ്മതിക്കാത്തത്? പാല് വില്ക്കുന്നവരും, ഭക്ഷണം വില്‍ക്കുന്നവര്‍ക്കും തൊഴില്‍ ചെയ്യാമെങ്കില്‍ എന്തുകൊണ്ടാണ് സിനിമക്കാരെ തൊഴില്‍ ചെയ്യാന്‍ അനുവതിക്കാത്തത്? ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? ഞങ്ങള്‍ എങ്ങനെ പാല് വാങ്ങും? ഞങ്ങള്‍ എങ്ങനെ മക്കളെ പഠിപ്പിക്കും? എങ്ങനെ ഞങ്ങള്‍ കുട്ടികള്‍ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിക്കും? എങ്ങനെ ഞങ്ങള്‍ പണം സമ്പാദിക്കും? അപ്പോ എന്ത് ന്യായമാണ് നിങ്ങള്‍ ഞങ്ങളോട് പറയുന്നത്? ദയവ് ചെയ്ത് ഇതേ കുറിച്ച് ചിന്തിച്ച് ഒരു പരിഹാരം കാണണം. ‘അല്‍ഫോന്‍സ് പുത്രന് പ്രതികരിച്ചു.