മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട് താന്‍ സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രത്തിനായുള്ള ഷൂട്ടിംഗ് പ്ലോട്ടിന്റെ ചിത്രം പങ്ക് വെച്ച് അലി അക്ബർ. 900 സ്ക്വയർ ഫീറ്റിലുള്ള പ്ലോട്ടിന്റെ ഫോട്ടോ പങ്ക് വെച്ചത് മുതൽ വൻ ട്രോളുകളാണ് അതിന് ലഭിച്ചിരിക്കുന്നത്. മറുപടിയും അലി അക്ബർ നൽകുന്നുണ്ട്. ഒരു കോടി രൂപയിലേറെ ക്രൗഡ് ഫണ്ടിങ്ങിലൂടെ ചിത്രത്തിനായി നേടിയെടുത്തിട്ടുണ്ട്. സിനിമക്കായി അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മ്മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. സിനിമയുടെ ഗാനം റെക്കോർഡ് ചെയ്യുന്ന കാര്യം അലി അക്ബർ നേരത്തെ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും ഭാഗമാകുമെന്നും സൈബര്‍ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബര്‍ പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമക്കായി നിര്‍മിക്കുന്ന തോക്കും ഓലയുമെല്ലാം താന്‍ തന്നെയാണ് നിര്‍മിക്കുന്നതെന്ന് അലി അക്ബര്‍ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. ഫോട്ടോക്ക് ലഭിച്ച രസകരമായ ട്രോളുകൾ കാണാം.