കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു ചിത്രമുണ്ട്. സഹപാഠിയെ തോളിലേറ്റി രണ്ട് പെണ്‍കുട്ടികള്‍ നടന്ന് നീങ്ങുന്നതായിരുന്നു ആ ചിത്രം. കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ കോളജ് യൂണിയന് ആര്‍ട്സ് ഫെസ്റ്റിവലിനിടയില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ ജഗത് തുളസീധരന്‍ പകര്‍ത്തിയതായിരുന്നു ആ ചിത്രം. ഇപ്പോഴിതാ അതിന്റെ വിഡിയോയും പുറത്തുവന്നു.
കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമാ മന്‍സിലില്‍ ഷാ നവാസിന്റേയും സീനത്തിന്റേയും മകനുമായ അലിഫ് മുഹമ്മദിനെയാണ് സഹപാഠികള്‍ തോളിലേറ്റിയത്. അലിഫിന് ജനനം മുതല്ക്കേ കാലുകള്‍ക്ക് സ്വാധീനമില്ല. സ്വന്തം പരിമിതികളെ ഉറച്ച നിശ്ചയദാര്‍ഢ്യവുമായാണ് അലിഫ് നേരിടുന്നത്. സഹായവുമായി അലിഫിന് ചുറ്റും എപ്പോഴും സൗഹൃദ കൂട്ടായ്മയുണ്ടാകും. അവരാണ് അലിഫിനെ പലപ്പോളും വീട്ടില്‍ നിന്ന് കോളജിലേക്കും തിരിച്ചും എത്തിക്കുന്നത്. പരസഹായമില്ലാതെ യാത്ര ചെയ്യാനും അലിഫ് ശ്രമിക്കാറുണ്ട്.
ഫോട്ടോഗ്രാഫര്‍ ജഗത് പകര്‍ത്തിയ ചിത്രം നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എംഎല്‍എമാരായ സി.ആര് മഹേഷ് ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥന്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്ത് ഉള്‍പ്പെടെ നിരവധി പേര് ചിത്രം ഷെയര്‍ ചെയ്തു.