തുടരെ തുടരെ മികച്ച സിനിമകളുടെ ഭാഗമായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. വെറും 27 വയസ്സുള്ള ഈ തലശ്ശേരി സ്വദേശി തന്റെ സംഗീത വൈഭവം കൊണ്ട് മികച്ചതാക്കി മാറ്റിയ ചിത്രങ്ങൾ നിരവധിയാണ്. ഗ്രേറ്റ് ഫാദർ, കുമ്പളങ്ങി നൈറ്റ്സ്, എസ്രാ, വരത്തൻ, വൈറസ് എന്നിങ്ങനെ മലയാളത്തിലെ എണ്ണം പറഞ്ഞ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ എല്ലാം ഒരുക്കിയത് ഈ മുതലാണ്. ഓരോ സിനിമ അർഹിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കുന്നതിൽ നിലവിൽ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികവുറ്റ സംഗീത സംവിധായകൻ സുഷിൻ തന്നെയാണെന്ന് പറയേണ്ടി വരും.
മിഥുൻ മാനുവൽ ഒരുക്കിയ അഞ്ചാം പാതിരയേയും മികവുറ്റതാക്കുന്നതിൽ ഒരു പങ്ക് സുഷിന്റെ പശ്ചാത്തല സംഗീതത്തിന് തന്നെയാണ്. നിഗൂഢമായ കഥാപരിസരത്തെ കൂടുതൽ പേടിപ്പെടുത്തുന്ന അനുഭവമാക്കി മാറ്റുന്നു സുഷിൻ ശ്യാമിന്റെ ബിജിഎം.പൊലീസുകാരെ മാത്രം ഉന്നം വെക്കുന്ന സീരിയൽ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രം. അന്യഭാഷാ ത്രില്ലറുകൾ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾക്ക് ഇനി അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്