അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. പുനീതിന്റെ ബംഗളൂരുവിലെ വസതിയിൽ എത്തിയ അല്ലു അർജുൻ പുനീതിന്റെ മൂത്ത സഹോദരൻ ശിവ രാജ്കുമാറുമായും കൂടിക്കാഴ്ച നടത്തി. പുനീതിന്റെ വീട്ടിലെത്തിയ അല്ലു അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
പുനീതിന്റെ കുടുംബത്തെ കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും ബംഗളൂരുവിൽ എത്തുമെന്ന് അല്ലു അർജുൻ നേരത്തെ പറഞ്ഞിരുന്നു. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ എത്തിയപ്പോൾ ആയിരുന്നു അല്ലു അങ്ങനെ പറഞ്ഞത്. ‘ഇപ്പോൾ സിനിമാ പ്രമോഷനുകൾക്കായാണ് ഞാൻ വന്നിരിക്കുന്നത്. ഞാൻ ഇവിടെയുണ്ട് എന്നതുകൊണ്ട് പുനീത് രാജ്കുമാറിന്റെ കുടുംബത്തെ കാണാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും പ്രത്യേകമായി ബംഗളൂരുവിലേക്ക് മടങ്ങും.’ – എന്നായിരുന്നു അല്ലു അർജുൻ പറഞ്ഞത്. അത് തനിക്ക് അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും പ്രകടനമാണെന്നും അല്ലു അർജുൻ പറഞ്ഞു.
പുനീത് രാജ്കുമാറിന്റെ അവസാനചിത്രമായ ജെയിംസ് പ്രദർശനത്തിന് ഒരുങ്ങുകയാണ്. മാർച്ച് 17ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. സഹോദരൻ ശിവ രാജ്കുമാറാണ് സിനിമയിലെ പുനീതിന്റെ ഭാഗങ്ങൾക്ക് ശബ്ദം നൽകിയത്. പുനീതിനോടുള്ള ആദരസൂചകമായി മാർച്ച് 17 മുതൽ 23 വരെ ജയിംസിന്റെ പ്രദർശനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഈ സമയത്ത് മറ്റ് പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്.