അല്ലു അര്ജുന് നായകനായി എത്തിയ ചിത്രമായിരുന്നു പുഷ്പ. മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിലും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ
ചിത്രത്തിന്റെ റിലീസ് വാര്‍ഷികത്തോട് അനുബന്ധിച്ച് പുഷ്പ റീ റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. സിനിമാ ട്രാക്കര്‍ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേരളത്തില്‍ ചിത്രം വിതരണം ചെയ്ത ഇ4 എന്റര്ടെയ്ന്മെന്റ് ആണ് റിലീസ് ദിനമായ ഡിസംബര്‍ 17 ന് പുഷ്പ വീണ്ടും കേരളത്തില്‍ എത്തിക്കുക. മലയാളം പതിപ്പ് ആണ് പ്രദര്‍ശിപ്പിക്കുക. റീ റിലീസുമായി ബന്ധപ്പെട്ട പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തില്‍ രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്ജുന് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്ജുന് പുഷ്പയില്‍ എത്തിയത്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തില്‍ അല്ലു അര്‍ജുന്റെ നായിക. സുകുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിച്ചത്.