തന്റെ സിനിമ മോശമാണെന്ന് പറയാനുള്ളയോഗ്യത ഇന്ത്യയില്‍ കമല്ഹാസന് മാത്രമാണുള്ളതെന്ന് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. ഗോള്‍ഡ് സിനിമയ്ക്കെതിരെ വരുന്നവിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിന് താഴെ വന്ന കമന്റിനാണ് അല്‍ഫോണ്‍സ് പുത്രന്റെ മറുപടി. നിരവധി പേരാണ് അല്‍ഫോണ്‍സ് പുത്രന്റെ പോസ്റ്റിന് താഴെ കമന്റിട്ടത്. ഇതില്‍ ഒരാള്‍ക്ക് നല്കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.
ഗോള്‍ഡ് ഒരു മോശം സിനിമയാണെന്നും ആ യാഥാര്‍ത്ഥ്യം അംഗീകരിച്ച് പടവുമായി മുന്നോട്ടുപോകൂ എന്നുമായിരുന്നു ഒരു പ്രേക്ഷകന് കമന്റ് ചെയ്തത്. ഇത് തെറ്റാണെന്നു പറഞ്ഞ അല്‍ഫോണ്‍, നിങ്ങള്‍ക്ക് സിനിമ ഇഷ്ടമില്ലെന്ന് പറയാമെന്നും തന്റെ സിനിമ മോശം ആണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ താന്‍ ആകെ കണ്ടിട്ടുള്ളത് കമല്ഹാസന് സാറില്‍ മാത്രമാണെന്നും പറഞ്ഞു. സിനിമയില്‍ തന്നേക്കാള്‍ കൂടുതല്‍ പണി അറിയാവുന്ന വ്യക്തി അദ്ദേഹം മാത്രമാണ്. അപ്പോള്‍ ബ്രോ ഇനി പറയുമ്പോള്‍ ബ്രോക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞോ എന്നും അല്‍ഫോണ്‍സ് പുത്രന് പറഞ്ഞു.
ചിത്രം മോശമാണെങ്കില്‍ മോശമാണെന്നു തന്നെ പറയുമെന്നായികുന്നു മറ്റൊരാള്‍ പറഞ്ഞത്. ഹോട്ടല്‍ ഭക്ഷണം മോശമായാല്‍ അത് മോശം എന്നു പറയാന്‍ ഭക്ഷണം ഉണ്ടാക്കാന്‍ അറിയുന്ന ആള് ആകണമെന്നില്ല. ചേട്ടന് ഒരു കാര്യം ചെയ്യ്, അടുത്ത പടം കമല്‍ സാറിന് മാത്രം കാണിച്ചു കൊടുത്താല്‍ മതി. നിങ്ങള്‍ എത്ര എഫേര്‍ട്ട് ഇട്ടു എന്നു പറഞ്ഞിട്ട് കാര്യമില്ലെന്നും മോശം ആയാല്‍ ആളുകള്‍ മോശമെന്നുതന്നെ പറയുമെന്നും അയാള്‍ കമന്റ് ചെയ്തു. ഇതിന് അല്‍ഫോണ്‍സ് പുത്രന് നല്കിയ മറുപടി ഇങ്ങനെ, ‘നിന്റെ മുഖം മോശം ആണെന്ന് തനിക്ക് പറയാന്‍ ഉള്ള അവകാശം ഉണ്ടോ ബ്രോ? അതോ എനിക്ക് നിങ്ങളുടെ മുഖം ഇഷ്ടമല്ല എന്നു പറയുന്നതാണോ കറക്ട്’. നിരവധി പേരാണ് അല്‍ഫോണ്‍സിന്റെ കുറിപ്പിന് താഴെ കമന്റുമായെത്തിയത്.