മമ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്ന് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്റിനു താഴെ വന്ന ഒരാളുടെ കമന്റിന് മറുപടിയായാണ് അല്‍ഫോണ്‍സ് ഇക്കാര്യം പറഞ്ഞത്.
‘പുത്രേട്ട ഈ ചുള്ളനെ വെച്ചൊരു പടം പിടിച്ചൂടെ’ എന്നായിരുന്നു മനു പ്രശോഭ് എന്നയാള്‍ കമന്റിട്ടത്. ഇതിന് മറുപടിയായി ‘ഒരു കഥ പറഞ്ഞ് വെച്ചിട്ടുണ്ട്. മമ്മൂക്കയും സമ്മതിച്ചു. എല്ലാത്തിനും നേരമുണ്ടല്ലോ അതുകൊണ്ട് കാത്തിരിക്കുന്നു. എല്ലാം ഭംഗിയായി വന്നാല്‍ നല്ല ഒരു സിനിമ ഞാന്‍ ചെയ്യാന്‍ നോക്കാം’ എന്നായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി.
നേരത്തെ മോഹന്‍ലാലിന് വേണ്ടിയുള്ള ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് താനെന്ന് അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. പ്രിയദര്ശന് ചിത്രമായ ‘ഒപ്പ’ത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്തത് അല്‍ഫോന്‍സായിരുന്നു. മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്റേയും ട്രെയിലര്‍ അല്‍ഫോണ്‍സാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.
നേരത്തിലൂടെ സിനിമാ സംവിധാന രംഗത്തേക്കെത്തിയ അല്‍ഫോണ്‍സ് പുത്രന്റെ ‘പ്രേമം’ സൂപ്പര്‍ഹിറ്റായിരുന്നു. ഫഹദ് ഫാസില്‍ നായകനാകുന്ന ‘പാട്ടാ’ണ് അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. യുജിഎം എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സക്കറിയ തോമസ്, ആല്വിന് ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.