മലയാളി സിനിമാപ്രേമികളുടെ പ്രിയതാരമായ സൈജു കുറുപ്പിന്റെ നൂറാം ചിത്രമായ ‘ഉപചാരപൂർവം ഗുണ്ടജയൻ’ എന്ന ചിത്രത്തിലൂടെ എ എം ആരിഫ് എം പിയും സിനിമയിലേക്ക്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരിഫ് എംപി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അരുൺ വൈഗ സംവിധാനം ചെയ്ത ‘ഉപചാരപൂർവം ഗുണ്ടജയൻ’ ഫെബ്രുവരി ഇരുപത്തിയഞ്ചിന് കേരളത്തിൽ പ്രദർശനം ആരംഭിക്കും. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജേഷ് വർമയാണ് ചിത്രത്തിന്റെ തിരക്കഥ.
ഒരു പക്കാ കോമഡി എന്റെർടയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏതായാലും ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് എ എം ആരിഫ് എംപി. ഫേസ്ബുക്കിൽ എം പി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘കഴിഞ്ഞ കോവിഡ് കാലത്തിന് തൊട്ട് മുമ്പ് ഷൂട്ടിംഗ് ആരംഭിച്ചതാണ് ഉപചാരപുർവ്വം ഗുണ്ടജയൻ. മലയാള ചലച്ചിത്ര രംഗത്ത് ഒട്ടേറെ സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഗ്രഹീതനായ നടനാണ് സൈജു കുറുപ്പ്. അദ്ദേഹത്തിന്റെ കുടുംബം ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിൽ. അച്ഛനും അമ്മയും എല്ലാം അവിടെ ആയിരിന്നു താമസം. അച്ഛൻ വാഹന അപകടത്തിൽപ്പെട്ടു മരിച്ചു. അദ്ദേഹം നായകനായ നമുക്കെല്ലാം പ്രിയങ്കരനായ യുവ സംവിധായകൻ അരുൺ വൈക സംവധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യത്തെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത് ഞാൻ ആയിരിന്നു. കോവിഡ് കാലം നിർമ്മാണം പൂർത്തീകരിച്ചെങ്കിലും സമയത്ത് റിലീസ് ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരി 25ന് ഉപചാരപൂർവ്വം ഗുണ്ടജയൻ എന്ന നല്ല രസകരമായ മുഹൂർത്തങ്ങൾ ഉള്ള ഒരു സിനിമയാണ്. ഷൂട്ടിംഗ് വേളയിൽ ഞാനും പലതവണ ലൊക്കേഷനുകളിൽ വരികയും ചെയ്തു .ഈ സിനിമ പ്രേക്ഷക സമൂഹം ഏറ്റെടുക്കും എന്ന് എനിക്ക് ഉറച്ച പ്രതീക്ഷ ഉണ്ട്. നല്ല വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു…’
ദുല്‍ഖര്‍ വിതരണത്തിന് എത്തിച്ച് റിലീസ് ചെയ്യുന്ന ആദ്യചിത്രം ഇതായിരിക്കും. സൈജു കുറുപ്പിനെ കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനു പുറമേ ജോണി ആന്റണി, ഗോകുലൻ, സാബു മോന്, ഹരീഷ് കണാരന്, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിപാൽ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു എൽദോ ഐസക്കും എഡിറ്റ് ചെയ്തത് കിരൺ ദാസുമാണ്.