സംവിധായകൻ ഏ എൽ വിജയ്ക്ക് പുതിയ ജീവിതത്തിൽ ആശംസകൾ നേർന്ന് മുൻ ഭാര്യയും നടിയുമായ അമല പോൾ. വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയായിരുന്നു വധു.
“വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ.” അമല പറഞ്ഞു. വിജയ്യുമായുള്ള വിവാഹ മോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നെന്നും എന്നാല്‍ കഴിവുണ്ടെങ്കില്‍ നമ്മളെ തോല്പിക്കാന് ആര്‍ക്കും സാധിക്കില്ലെന്ന് മനസിലായെന്നും അമല പോള്‍ പറഞ്ഞു. “വിവാഹമോചനത്തിനുശേഷം സഹോദരിയുടെ വേഷം, അല്ലെങ്കില്‍ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളെ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. ടിവി സീരിയലുകളില്‍ അഭിനയിക്കേണ്ടി വരുമോ എന്നുപോലും ഞാന്‍ ചിന്തിച്ചു. എന്നാല്‍ കഠിനാധ്വാനം ഉണ്ടെങ്കില്‍ ഭാഗ്യവും നിങ്ങളെ തേടി വരുമെന്ന് ഇപ്പോള്‍ തെളിഞ്ഞു”.
താനൊരു പുതിയ പ്രണയം കണ്ടെത്തിയെന്നും എന്നാല്‍ വിവാഹത്തെക്കുറിച്ച് ഉടനെയൊന്നും ചിന്തിക്കുന്നില്ലെന്നും അമല പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2011-ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന് എ.എല്‍ വിജയ്യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എ.എല്‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി. ഇക്കഴിഞ്ഞ ജൂലൈ 11നായിരുന്നു വിജയ് രണ്ടാമതും വിവാഹിതനായത്.