അമല പോൾ നായികയായ തമിഴ് ചിത്രം ആടൈ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു. 2019ൽ പുറത്തിറങ്ങിയ ചിത്രത്തിന് അമല പോളിന്റെ ബോൾഡ് റോൾ കാരണം ഏറെ പ്രശംസയും അതോടൊപ്പം തന്നെ നെഗറ്റീവ് കമന്റ്സും ലഭിച്ചിരുന്നു. ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുവെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. കങ്കണ റണൗട്ട് നായികാവേഷം ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ശ്രദ്ധ കപൂർ ആ റോൾ ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
മുംബൈയിലെ ഒരു പ്രശസ്ത പ്രൊഡക്ഷൻ ഹൗസിന് ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയിട്ടുണ്ട്. ശ്രദ്ധ കപൂറിനോട് തിരക്കഥ പറഞ്ഞു കേൾപ്പിച്ചുവെന്നും നടി ചെയ്യാൻ ഒരുക്കമാണെന്നുമാണ് അറിയുന്നത്. എങ്കിലും നടിയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. തമിഴിൽ ചിത്രമൊരുക്കിയ രത്നകുമാർ തന്നെയാണ് ഹിന്ദിയിലും ചിത്രമൊരുക്കുക. ഒരു മാസത്തിനുള്ളിൽ തന്നെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും. സൗത്ത് ഇന്ത്യയിലും ഏറെ ആരാധകരുള്ള നടിയാണ് എന്നത് ശ്രദ്ധ കപൂറിന് ഏറെ ഗുണം ചെയ്യും.