തീയറ്ററുകളിൽ നിന്നും വൻ വിജയം നേടാൻ സാധിക്കാതെ പോയിട്ടും ടോറന്റിൽ വമ്പൻ ഹിറ്റായി തീർന്ന ചിത്രമാണ് ടോവിനോ തോമസ് നായകനായ ഗപ്പി. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ നിരയിൽ ഗപ്പിക്ക് മികച്ച സ്ഥാനമാണ് ഉള്ളത്. ഗപ്പിയുടെ സംവിധായകൻ ജോൺ പോൾ ജോർജ് തന്റെ രണ്ടാമത്തെ ചിത്രം അന്നൗൺസ് ചെയ്തപ്പോൾ മുതൽ അതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. സൗബിൻ ഷാഹിർ നായകനാകുന്ന ‘അമ്പിളി’ എന്ന ആ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് 4.30ന് ഫഹദ് ഫാസിൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കും. നസ്രിയയുടെ അനുജൻ നവീൻ നാസിമും അമ്പിളിയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. മുകേഷ് ആർ മേഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.