മീനത്തിൽ താലികെട്ട്’ എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായി എത്തി വാത്സല്യം, മിന്നാരം, മിഥുനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച് ഒരുകാലത്ത് മലയാളസിനിമകളിലെ സജീവ സാന്നിധ്യമായി മാറിയ താരമായിരുന്നു ബേബി അമ്പിളി. എന്നാൽ രണ്ടാംഭാവം എന്ന ചിത്രത്തിന് ശേഷം 18 വർഷമായി അമ്പിളി അഭിനയിച്ചിട്ടില്ല. അതിന്റെ കാരണം ഇപ്പോൾ തുറന്നു പറയുകയാണ് താരം. അങ്കണവാടിയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ആയിരുന്നു അമ്പിളി ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. അന്ന് അമ്പിളിക്ക് രണ്ടര വയസ്സായിരുന്നു. ആ സമയത്താണ് നാൽക്കവല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീടിനടുത്ത് നടക്കുകയും അതിൽ കുറച്ചു കുട്ടികളെ ആവശ്യമുണ്ട് എന്ന് അറിയുകയും ചെയ്യുന്നത്.
തിക്കുറിശ്ശി സാർ കുറച്ച് കുട്ടികളെ പാട്ടു പഠിപ്പിക്കുന്നത് സീനായിരുന്നു ചിത്രീകരിച്ചുകൊണ്ട് ഇരുന്നത് എന്ന് അമ്പിളിദേവി പറയുന്നു. ആ ചിത്രത്തിന് ശേഷം ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചു. അച്ഛന്റെ മരണശേഷം പഠനം കളഞ്ഞുള്ള അഭിനയത്തെ ആരും പിന്തുണയ്ക്കാത്തതിനാൽ അമ്പിളി നിയമ പഠനത്തിന് ചേർന്നു. പഠന ജീവിതം തീരുന്നതിനു മുൻപേ വിവാഹിതയാവുകയും ചെയ്തു. അങ്ങനെയാണ് അഭിനയരംഗത്തു നിന്നും താരത്തിന് ഒരു ബ്രേക്ക് എടുക്കേണ്ടി വന്നത്. ദിയ എന്നും ധരയെന്നും രണ്ട് മക്കൾ ഉള്ള അമ്പിളി ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്ന് വിട്ടു നിന്ന് ഒരു കുടുംബിനിയായി കഴിയുകയാണ്.