അമ്മയും മഴവിൽ മനോരമയും ചേർന്നൊരുക്കിയ അമ്മ മഴവില്ലിൽ താരമായി മലയാളികൾക്ക് പ്രിയങ്കരനായ മോഹൻലാൽ. ഷോയിൽ താരം നടത്തിയ പ്രകടനങ്ങളുടെ ടീസർ അണിയറക്കാർ പുറത്തു വിട്ടു.
സ്ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനം പുനരവതരിപ്പിച്ച് ആടു തോമ എന്ന കഥാപാത്രമായി വേദിയിലെത്തി മോഹൻലാൽ കാഴ്ചക്കാരെ അമ്പരിപ്പിച്ചു. മോഹൻലാലും സിൽക്ക് സ്മിതയും ചേർന്ന് അഭിനയിച്ച ഏഴിമല പൂഞ്ചോല അമ്മ മഴവില്ലിന്റെ വേദിയിലെത്തിയപ്പോൾ ലാലേട്ടനൊപ്പമെത്തിയത് പ്രിയ നായിക ഇനിയയാണ്. സിനിമയിലെ അതെ കോസ്റ്റ്യൂംസ് അണിഞ്ഞാണ് മോഹൻലാലും ഇനിയയും വേദിയിലെത്തിയത്.
ഇതിനൊപ്പം മോഹൻലാലിന്റെ പുതിയ ചിത്രമായ ഒടിയന്റെ രൂപത്തിലും താരം വേദിയിലെത്തി. നമിത പ്രമോദ്, ഹണി റോസ്, ഷംന കാസിം തുടങ്ങിയ താരങ്ങൾക്കൊപ്പം മോഹൻലാൽ നടത്തിയ നൃത്തത്തിന്റെ ചില രംഗങ്ങളും പുറത്തു വിട്ട ടീസറിലുണ്ട്.
കാര്യവട്ടത്ത് മെയ് 6–ന് നടന്ന ഷോയിൽ മമ്മൂട്ടി മോഹൻലാൽ ദുൽക്കർ എന്നിവരായിരുന്നു ശ്രദ്ധാകേന്ദ്രം. മൂവരുടെയും ഒന്നിച്ചുള്ള സ്കിറ്റും ഡാൻസുമൊക്കെ വലിയ കയ്യടികളോടെയാണ് ആളുകൾ സ്വീകരിച്ചത്. അമ്മ മഴവില്ല് മെഗാ ഷോ മഴവിൽ മനോരമയിൽ മെയ് 19, 20 തീയതികളിൽ സംപ്രേഷണം ചെയ്യുന്നതാണ്.