താരസംഘടനയായ അമ്മയിലേക്ക് ഇനി ഒരു തിരിച്ചു വരവില്ല എന്ന് തുറന്നു പറയുകയാണ് ആക്രമിക്കപ്പെട്ട നടി. രചന നാരായണന് കുട്ടിയാണ് നടിയുടെ ഈ നിലപാട് സംഘടനയുടെ യോഗത്തിൽ വ്യക്തമാക്കിയത്. സംഘടനയിൽ നിന്നും രാജിവച്ച് പോയവർ തിരിച്ചു വന്നാൽ അവരെ സ്വീകരിക്കുമെന്നും തങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ അവരെ വിളിച്ചപ്പോൾ അവർ താല്പര്യം ഇല്ല എന്നാണ് അറിയിച്ചതെന്നും മോഹൻലാൽ പറയുകയുണ്ടായി. രാജിവെച്ചു പോയവർ കത്ത് നൽകിയാൽ തിരിച്ചെടുക്കുക എന്ന നിലപാടാണ് അമ്മ സംഘടന സ്വീകരിച്ചിരിക്കുന്നത്.
പുതിയ ഭേദഗതിയിൽ സംഘടനയില്‍ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സംഘടനയില്‍ അംഗത്വമുള്ള താരങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായാല്‍ സ്വീകരിക്കേണ്ട നടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജിവെച്ചു പോയവരെ തിരിച്ചെടുക്കുന്നതിനുള്ള ഉപാധികളിൽ പാർവതി, രേവതി എന്നിവർ അവരുടെ ശക്തമായ എതിർപ്പ് അറിയിച്ചു. ‘അമ്മ’യ്ക്ക് എതിരായി നിലപാട് എടുക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കും എന്ന തരത്തിലുള്ള നിയമങ്ങളോട് ഉള്ള കടുത്ത വിയോജിപ്പാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് വ്യക്തമാക്കിയത്.