രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് യുവനടി അനശ്വര രാജൻ രംഗത്തെത്തിയിരിക്കുകയാണ്. ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’, ‘പൗരത്വ നിയമ ഭേദഗതി തള്ളുക’ എന്നുമാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജൻ എന്ന കൊച്ചു താരം.
മമ്മൂട്ടി, പൃഥ്വിരാജ് , പാര്‍വതി തിരുവോത്ത്, ദുല്‍ഖര്‍ സല്മാന്, ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രജിത്ത് , കുഞ്ചാക്കോ ബോബന്, ഗീതു മോഹന്‍ദാസ്, ടൊവീനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, രജീഷ വിജയന്, ബിനീഷ് ബാസ്റ്റിന് തുടങ്ങിയ നിരവധി താരങ്ങൾ മലയാള സിനിമാ മേഖലയില്‍ നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് വിപ്ലവം എല്ലായ്പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ ചിത്രങ്ങള്‍ പൃഥ്വി ഫേസ്ബുക്കിലും ട്വിറ്ററിലും റൈസ് എന്ന ഹാഷ്ടാഗോടെ പങ്കുവെച്ചിരുന്നു.