പിറന്നാൾ ദിവസം ആരാധകർക്കായി നീണ്ട കുറിപ്പുമായി നടിയും അവതാരകയുമായ ആര്യ ബാബു. ഇൻസ്റ്റഗ്രാമിൽ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു കഴിഞ്ഞകാല ജീവിതത്തിൽ ഉണ്ടായ മോശപ്പെട്ട അനുഭവങ്ങളെക്കുറിച്ച് ആര്യ വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം കണ്ടെത്തിയ ആര്യ അവതാരകയായും നടിയായും തിളങ്ങി. ബിഗ് ബോസ് സീസൺ ടുവിലും ആര്യ മത്സരിച്ചിരുന്നു. ബിഗ് ബോസ് ടുവിൽ താൻ പ്രണയത്തിലാണെന്നും താമസിയാതെ തന്നെ വിവാഹിതയാകുമെന്നും ആര്യ പറഞ്ഞിരുന്നു. എന്നാൽ, താമസിയാതെ തന്നെ ആ പ്രണയം തകർന്നെന്നും താരം വെളിപ്പെടുത്തിയിരുന്നു. മകൾക്കും സുഹൃത്തുക്കൾക്കുമൊപ്പം തന്റെ മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകണ്ട് കഴിഞ്ഞ പിറന്നാൾ ദിനത്തിൽ നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ചും ആര്യ കുറിച്ചു. ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് കഴിഞ്ഞവർഷം ഇതേസമയം താൻ കടന്നു പോയതെന്ന് താരം കുറിച്ചു.
യു എ ഇയിലെ അപ്പാർട്ട്മെന്റിൽ അന്ന് തനിച്ചായി – ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിന്റെ ചുരുക്കരൂപം ഇങ്ങനെ, ‘കഴിഞ്ഞ വർഷം ഇതേദിവസം എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്. വിഷാദം എന്നെ ഇത്രയധികം മോശമായി ബാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ ഏതൊക്കെ വികാരങ്ങളിൽ കൂടിയാണ് കടന്നുപോയതെന്ന് വിശദീകരിക്കാൻ കഴിയുന്നില്ല.’ ‘യു എ ഇയിലെ ഒരു അപ്പാർട്ട്മെന്റിൽ തനിച്ചായി. വേറെ വഴിയില്ലാത്തതിനാൽ ഒരു കുപ്പി വൈനിനെയും ബാക്കി വന്ന ഭക്ഷണത്തെയും ആശ്രയിക്കേണ്ടി വന്നു. പക്ഷേ, എന്റെ അവസ്ഥ അത് മോശമാക്കി. ഞാൻ മോശമായി എന്തെങ്കിലും ചെയ്തിരിക്കാം. പക്ഷേ, എങ്ങനയോ ഞാൻ രക്ഷപ്പെട്ടു.’
എന്നെ തേടി വന്ന ആ വ്യക്തിക്ക് നന്ദി – എനിക്കെന്തോ സംഭവിച്ചു എന്ന് മനസിലാക്കി വൈകുന്നേരത്തോടെ എന്റെ അടുത്തേക്ക് വരാൻ തീരുമാനിച്ച ആ വ്യക്തിക്ക് നന്ദി. ഇതായിരുന്നു എന്റെ കഴിഞ്ഞ പിറന്നാൾ ദിനം, ഞാൻ 30 വയസിലേക്ക് കടന്ന ദിവസം. പക്ഷേ, ഇന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, ശരിയായ തീരുമാനം ഞാൻ എടുത്തിരുന്നെങ്കിൽ അത് വളരെയേറെ വ്യത്യസ്തമാകുമായിരുന്നു. ഞാൻ എന്റെ സുന്ദരിയായ മകൾക്കൊപ്പവും എന്റെ മനോഹരമായ കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ആയിരുന്നേനെ. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ പിറന്നാൾ ദിനം ആയിരിക്കുമായിരുന്നു അത്. പക്ഷേ അങ്ങനെ നടന്നില്ല. എന്നോട് ഒട്ടും താൽപര്യമില്ലാത്ത ഒരാൾക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ യു എ ഇയിലേക്ക് പോകാൻ മാത്രം വിഡ്ഢിയായിരുന്നു ഞാൻ. ഇത് എന്റെ തെറ്റായിരുന്നു. ഞാൻ തെറ്റായ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഇക്കാര്യത്തിൽ ഞാൻ മറ്റൊരാളെയും കുറ്റപ്പെടുത്തേണ്ടതില്ല.
ഇന്ന് എന്നെ നോക്കൂ, ഞാൻ അത്ഭുതകരമായി ചിരിക്കുന്നു – ഇന്നെന്നെ നോക്കൂ. എനിക്കിന്ന് 31 വയസ് ആയി. എന്റെ മുഖത്ത് ഏറ്റവും അത്ഭുതകരമായ പുഞ്ചിരിയുണ്ട്. ഒപ്പം, എന്റെ ഹൃദയം സ്നേഹവും സമാധാനവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ചില സമയത്ത് ജീവിതത്തിൽ മോശം ആളുകൾ കടന്നുവരുന്നത് നല്ലതാണ്, കാരണം അപ്പോൾ മാത്രമാണ് നല്ല ആളുകളെ നമുക്ക് തിരിച്ചറിയാൻ കഴിയുക. അതായത്, നിങ്ങളെ ശരിക്കും സ്നേഹിക്കുന്നതാരാണ്, നിങ്ങളുടെ കാര്യത്തിൽ കരുതലുള്ളവർ ആരാണ് എന്നൊക്കെ മനസിലാക്കാൻ കഴിയുക. പറയാൻ ശ്രമിക്കുന്നത് എന്താണെന്ന് വെച്ചാൽ, ഇതെല്ലാം നിങ്ങളുടെ കൈകളിലാണ്. ഒന്നുകിൽ സന്തോഷമായിരിക്കുക എന്നതും അല്ലെങ്കിൽ മനസമാധാനം നശിപ്പിക്കുക എന്നുള്ളതും. ഇതെല്ലാം നിങ്ങളുടെ മാത്രം കൈകളിലാണ്. തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്, സന്തോഷിക്കണോ അതോ സ്വയം ഹൃദയം മുറിപ്പെടുത്തണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.
ഓർക്കുക, നിങ്ങളുടെ സന്തോഷം നിങ്ങളുടെ തന്നെ കൈകളിലാണ് – എല്ലായ്പോഴും ഓർക്കുക, നിങ്ങളുടെ സന്തോഷം നിങ്ങളുടെ തന്നെ കൈകളിലാണ്. എല്ലായ്പോഴും അത് ബുദ്ധിപരമായി തിരഞ്ഞെടുക്കാൻ നിങ്ങളെ തന്നെ ഓർമിപ്പിക്കുക. നിങ്ങളെ ഉപാധികളില്ലാതെ സ്നേഹിക്കുന്നവരെയും എല്ലായ്പോഴും നിങ്ങളോടൊപ്പം നിൽക്കുകയും ചെയ്യുന്നവരെ തിരഞ്ഞെടുക്കുക. ഇന്ന് ഞാൻ വളരെയധികം സന്തോഷവതിയാണ്. എന്റെ മുപ്പത്തിയൊന്നാം ജന്മദിനം ഏറ്റവും മികച്ചതായിരുന്നെന്ന് നിസ്സംശയം എനിക്ക് പറയാൻ കഴിയും. എല്ലാവർക്കും വലിയ നന്ദി. എന്റെ പ്രിയപ്പെട്ട കുടുംബത്തിന് ഒത്തിരി നന്ദി. എല്ലായ്പ്പോഴും എന്റെ ഒപ്പമുള്ള കുടുംബം പോലെയുള്ള സുഹൃത്തുക്കളാണ് എന്റെ സന്തോഷത്തിന്റെ കാരണം. നന്ദി.
View this post on Instagram
View this post on Instagram