ബോൾഡായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആൻഡ്രിയ ജെറമിയ. അന്നയും റസൂലും, ലോഹം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് ഈ നടി. വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങളും സ്ക്രിപ്റ്റും തിരഞ്ഞെടുക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ആൻഡ്രിയ അതിലെല്ലാം തന്നെ വ്യത്യസ്ഥത കൊണ്ടുവരുവാനും ശ്രമിക്കാറുണ്ട്. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും പ്രശസ്ഥയാണ്. ഗിരീഷ് കർണാടിന്റെ “നാഗംദള” എന്ന നാടകത്തിലൂടെയാണ് നാടകാഭിനയ രംഗത്തേക്ക് വന്നത്. ഗൗതം മേനോന്റെ “വേട്ടയാട് വിളയാട്” എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിച്ചതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ “പച്ചൈക്കിളി മുത്തുച്ചരം” എന്ന സിനിമയിൽ അഭിനയിച്ചു. ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ് ജി.വി. പ്രകാശ് കുമാർ തുടങ്ങിയ നിരവധി സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
സ്വന്തമായി ഗാനങ്ങൾ രചിക്കാനും മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള അസാമാന്യ കഴിവും ആൻഡ്രിയക്കുണ്ട്, ചെയ്തിട്ടുമുണ്ട്. “തരമണി” എന്ന സിനിമയുടെ പ്രോമോയായി ആൻഡ്രിയ എഴുതുകയും കമ്പോസ് ചെയ്യുകയും പാടുകയും ചെയ്ത ഒരു ഗാനമാണ് “സോൾ ഓഫ് തരമണി”. നിരവധി മ്യൂസിക് ആൽബം ഗാനങ്ങളും, 250തിലധികം സ്വന്തം സിനിമാ ഗാനങ്ങളും ആൻഡ്രിയയുടേതായിട്ടുണ്ട്. മികച്ചൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കൂടിയുമാണ് ആൻഡ്രിയ. ഇപ്പോഴിതാ തനിക്ക് ചെറുപ്പത്തിൽ നേരിടേണ്ടി വന്ന ലൈംഗികവും ശാരീരികവുമായി നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒരു പ്രൊമോഷണൽ ഇന്റർവ്യൂവിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. “ഞാൻ ഇതുവരെ രണ്ടു തവണയേ ബസിൽ യാത്ര ചെയ്തിട്ടുള്ളത്. ചെറുപ്പത്തിൽ ഞങ്ങൾ ഒരിക്കൽ നാഗപട്ടിണത്തിലുള്ള വേളാങ്കണ്ണിക്ക് കുടുംബസമേതം പോയിരുന്നു. എനിക്കന്ന് പതിനൊന്ന് വയസ്സായിരുന്നു. എന്റെ അച്ഛൻ അടുത്ത് തന്നെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എനിക്ക് പിന്നിൽ നിന്നും ഒരു കരസ്പർശം അനുഭവപ്പെട്ടു. അച്ഛൻ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പെട്ടെന്ന് ആ കൈ എന്റെ ടിഷർട്ടിന്റെ അകത്തേക്ക് കയറി. അച്ഛനെ നോക്കിയപ്പോൾ രണ്ടു കൈകളും അച്ഛൻ മുന്നിൽ തന്നെ പിടിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അച്ഛനോടും അമ്മയോടും ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് മുന്നിലേക്ക് കയറിയിരുന്നു.”
“എന്തുകൊണ്ടാണ് ഞാൻ ഈ കാര്യം മാതാപിതാക്കളോട് പറയാതിരുന്നത് എന്ന് എനിക്കറിയില്ല. അത് തെറ്റാണെന്ന് എനിക്കറിയാം. അച്ഛനോട് ഈ സംഭവം പറഞ്ഞിരുന്നേൽ അദ്ദേഹം പ്രതികരിച്ചേനെ. പക്ഷേ ഞാൻ പറഞ്ഞില്ല. കാരണം അങ്ങനെ ഉള്ളൊരു സമൂഹത്തിലാണ് ഞങ്ങൾ വളർന്ന് വന്നിരുന്നത്. സമൂഹത്തിന് അത് ഒരു വലിയ പ്രശ്നമാക്കുവാൻ താൽപര്യം ഇല്ല.” കോളേജിലേക്ക് ബസിൽ പോയപ്പോഴും ഇത്തരത്തിൽ ഉള്ള അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആൻഡ്രിയ വെളിപ്പെടുത്തി. “ബസിൽ പോകാതിരിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും എനിക്കുണ്ടായിരുന്നു. പക്ഷേ മറ്റ് സ്ത്രീകൾ അങ്ങനെ അല്ല. എന്തൊക്കെ സംഭവിച്ചാലും അവർക്ക് ആ ബസിൽ തന്നെ പോകാതെ നിർവാഹമില്ല. കോളേജിൽ വെച്ച് ക്ലാസ്സിൽ വന്നിരുന്ന് പെൺകുട്ടികൾ ഇരുന്ന് കരയുന്നത് കണ്ടിട്ടുണ്ട്.”