നടി ആനിയുടെ റസ്റ്റോറന്റ് ആണ് റിങ്സ് കിച്ചൻ. തിരുവനന്തപുരത്ത് കവടിയാറിൽ ആനിയുടെ റിങ്സ് റസ്റ്റോറന്റ് തുടങ്ങിയിട്ട് ഏകദേശം മൂന്ന് വർഷത്തിലധികമായി. ഏതായാലും മൂന്നാം വർഷത്തിൽ കൊച്ചിയിലും റിങ്സ് കിച്ചനുമായി സജീവമാകാൻ ഒരുങ്ങുകയാണ് ആനി. കൊച്ചിയിൽ ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറിൽ വെട്ടിക്കാട്ട് പറമ്പ് റോഡിലാണ് ആനിയുടെ ഉടമസ്ഥതയിലുള്ള പുതിയ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്.
ഇന്ന് നടന്ന ഹോട്ടൽ ഉദ്ഘാടന ചടങ്ങിൽ ഭർത്താവ് ഷാജി കൈലാസിനും കുടുംബത്തിനും ഒപ്പമാണ് ആനി ഉദ്ഘാടനത്തിന് എത്തിയത്. ഏതായാലും പുതിയ ഹോട്ടൽ കൂടി തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ആനി. കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ഈ സംരംഭം ഇങ്ങനെ മുന്നോട്ടു പോകുന്നതെന്ന് ആനി പറഞ്ഞു. ‘എന്റെ നട്ടെല്ല് ഷാജിയേട്ടനും മക്കളുമാണ്. അവരുടെ ആത്മവിശ്വാസമാണ് എന്റെ ബലം. പിന്നെ ഇങ്ങനെയൊരു സംരംഭം കൊണ്ട് ഒരുപാട് പേർക്ക് ജോലി കൊടുക്കുവാൻ കഴിഞ്ഞു’ – ആനി പറഞ്ഞു.
മക്കളെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ് തനിക്ക് എല്ലാ വിഭവങ്ങളുമെന്നും അതുകൊണ്ടു തന്നെ ഇത് പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നാണ് കരുതുന്നതെന്നും ആനി പറഞ്ഞു. വിവാഹത്തിനു ശേഷം അഭിനയരംഗത്ത് നിന്ന് മാറിനിന്ന ആനി പാചകപരിപാടിയുമായും അവതാരകയായുമൊക്കെ മിനിസ്ക്രീനിൽ സജീവമാണ്. ടിവിയിലെ താരത്തിന്റെ കുക്കറി ഷോയ്ക്കും നിരവധി ആരാധകരുണ്ട്. മൂത്തമകൻ നടത്തുന്ന ഹോട്ടൽ ബിസിനസിന്റെയും വിവിധയിനം സമോസകളുടെ നിർമാണ കേന്ദ്രത്തിന്റെയും മേൽനോട്ടം ആനിക്കാണ്.