പൃഥ്വിരാജ് ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിൽ പൃഥ്വിരാജും ബിജു മേനോനും നിറഞ്ഞാടിയപ്പോൾ അവർക്കൊപ്പം നിന്ന ഒരു കഥാപാത്രമായിരുന്നു അനില്‍ നെടുമങ്ങാട് അവതരിപ്പിച്ച സി.ഐ സതീഷ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം താൻ ഏറെ ആസ്വദിച്ചു ചെയ്ത ഒരു വേഷമാണ് ഇത് എന്ന് ഇപ്പോൾ തുറന്നു പറയുകയാണ്. ആദ്യാവസാനം ഉള്ള ഒരു മുഴുനീള കഥാപാത്രത്തെ ലഭിക്കുന്നത് ഇത് ആദ്യം ആണെന്നും സംവിധായകന്റെ മനസില്‍ സതീഷ് എന്ന കഥാപാത്രം എങ്ങനെ വേണമെന്നുള്ള വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും നടപ്പ്, സംസാരം, രീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമായി പറഞ്ഞു തന്നിരുന്നു എന്നും അനിൽ പറയുന്നു. താൻ വലിയ പഠനത്തിന് ഒന്നും പോയിട്ടില്ല എന്നും സച്ചി ചേട്ടന് മനസ്സിലുണ്ടായിരുന്ന കഥാപാത്രത്തെ അതുപോലെ ചെയ്തു എന്ന് മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറയുന്നു. മനോരമയുടെ അഭിമുഖത്തിലാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.
ബിജു മേനോനും പൃഥ്വിരാജും പ്രോംപ്റ്റര്‍ ഇല്ലാതെ ഡയലോഗ് പറയുന്ന വ്യക്തികളാണെന്നും ഇരുവരും സംഘട്ടന രംഗങ്ങളിൽ പോലും ഡ്യൂപ്പിനെ ഉപയോഗിച്ചില്ലെന്നും അനിൽ പറയുന്നു. അങ്ങനെയുള്ള താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ താൻ കാരണം ഒരു റീടേക്ക് എടുക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്ന ഉൽക്കണ്ഠ മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്നും താരം പറയുന്നു. അതൊഴിച്ചാൽ താൻ ഏറെ ആസ്വദിച്ച് ചെയ്ത ഒരു ചിത്രമാണ് അയ്യപ്പനും കോശിയും എന്നും അനിൽ പറയുന്നുണ്ട്.