പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന്റെ പ്രവർത്തി ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന് പറഞ്ഞതിനെ തുടര്‍ന്ന് തന്നെ ഒഴിവാക്കാന്‍ സംഘാടകര്‍ ശ്രമിച്ചുവെന്ന് വേദിയിലെത്തി പ്രതിഷേധിച്ച ബിനീഷ് പറഞ്ഞു. ബിനീഷിന്റെ പ്രതിഷേധ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നു. മാഗസിന് പ്രസിദ്ധീകരണത്തിനാണ് അനിലിനെ വിളിച്ചിരുന്നത്. ചീഫ് ഗസ്റ്റായിട്ടാണ് ബിനീഷിനെ വിളിച്ചിരുന്നത്.
ഇപ്പോൾ ഈ വിഷയത്തിൽ അനിൽ രാധാകൃഷ്ണൻ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.മാതൃഭൂമി ന്യൂസിനോട് ആണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്.അദ്ദേഹം പറയുന്നത് ഇങ്ങനെ:
മാസിക പ്രകാശനം ചെയ്യാനാണ് എന്നെ ക്ഷണിച്ചത്. ഞാൻ വരില്ല എന്ന് പറഞ്ഞിരുന്നു, കാരണം തലേ ദിവസമാണ് എന്നെ വിളിച്ചത്. എന്നാൽ പിന്നീട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ ഔദ്യോഗികമായി എന്നെ ക്ഷണിക്കാൻ വരണമെന്ന് സംഘാടകരോട് പറഞ്ഞിരുന്നു. ക്ഷണിക്കാൻ വന്നപ്പോൾ ഞാൻ അവരോട് ചോദിച്ചു, ആരെല്ലാം വരുന്നുണ്ടെന്ന്. ഇത്രയും വൈകി ക്ഷണിച്ചതിനാൽ ആരും വരാൻ തയ്യാറല്ല എന്നാണ് അവർ പറഞ്ഞത്. ഞാൻ പണം വാങ്ങാതെയാണ് ഇത്തരം പരിപാടികൾക്ക് പോകുന്നത്. മറ്റൊരാളുടെ ലൈം ലെറ്റ് പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാൻ അല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കിൽ ഇല്ലെന്ന് പറഞ്ഞിരുന്നു. പിറ്റേ ദിവസമാണ് എന്നോട് പറയുന്നത്, ബിനീഷ് ബാസ്റ്റിൻ ഉണ്ടെന്ന്. അപ്പോൾ എന്നെ ഒഴിവാക്കണെന്ന് പറഞ്ഞു. ബിനീഷ് ആയതുകൊണ്ടല്ല ഞാൻ അങ്ങനെ പറഞ്ഞത്, അതിഥിയായി മറ്റൊരാൾ വരുന്നുണ്ടെങ്കിൽ ഞാൻ പരിപാടിയിൽ നിന്ന് ഒഴിവാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. പിന്നീട് സംഘാടകർ എന്നെ വിളിച്ച് ആ പരിപാടി മാറ്റി വച്ചുവെന്നും എന്നോട് വരണമെന്നും പറഞ്ഞു.
ബിനീഷ് വന്നപ്പോൾ ഞാൻ തന്നെയാണ് എല്ലാവരോടും കയ്യടിക്കാൻ പറഞ്ഞത്. ബിനീഷിന്റെ സാമിപ്യം എനിക്ക് പ്രശ്നമാണെന്ന് ഞാൻ പറഞ്ഞില്ല. ബിനീഷ് വേദിയിൽ വന്നപ്പോൾ കസേരയിൽ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല, ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ല. എന്റെ പേരിനൊപ്പം മേനോൻ എന്നുണ്ട് എന്ന് കരുതി എന്നെ സവർണനായി മുദ്രകുത്തരുത്. ഞാൻ അങ്ങനെ അത്തരത്തിൽ ചിന്തിക്കുന്ന ഒരാളല്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയിൽ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാൻ എഴുതി വച്ചിട്ടുണ്ട്. ഞാൻ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ മാപ്പ് ചോദിക്കുന്നു.