മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആദ്യ ത്രില്ലർ ചിത്രം അഞ്ചാം പാതിരാ ഇന്നലെ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു പേരുടെയും കരിയർ ബെസ്റ്റ് ചിത്രമിതാണ് എന്നാണ് പുറത്തു വരുന്ന അഭിപ്രായം. ആട് പോലുള്ള മെഗാ മാസ്സ് ചിത്രങ്ങളും ആൻ മരിയ കലിപ്പിലാണ് പോലെയുള്ള പക്കാ ഫീൽ ഗുഡ് ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന്റെ ആദ്യ ത്രില്ലർ സിനിമയാണ് അഞ്ചാം പാതിരാ. രണ്ടാം ദിനമായ ഇന്നും ചിത്രത്തിന് വലിയ ബുക്കിംഗ് തന്നെയാണ് കേരളത്തിൽ ഉടനീളം ലഭിക്കുന്നത്.വരാപ്പുഴ എം സിനിമാസ് തുടങ്ങി ചില കേന്ദ്രങ്ങളിൽ രാവിലെ സ്പെഷ്യൽ മോർണിംഗ് ഷോ വരെ ചിത്രത്തിന് സംഘടിപ്പിക്കുകയുണ്ടായി.ഇന്ന് രാത്രി വൈകി അമ്പതിലേറെ സ്പെഷ്യൽ ഷോകളാണ് ഇതിനോടകം സംഘടിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമയിൽ പല ശ്രേണികളിലായി പല മികച്ച സിനിമകളും പിറവിയെടുത്തിട്ടുണ്ട്.എന്നാൽ തമിഴിലോ തെലുങ്കിലോ കന്നഡയിലോ കാണുന്ന പോലെ ആദ്യാവസാനം എഡ്ജ് ഓഫ് ദി സീറ്റ് നിമിഷങ്ങൾ സമ്മാനിക്കുന്ന ത്രില്ലർ സിനിമകൾ മാത്രം മലയാളത്തിൽ നിന്ന് ഒഴിഞ്ഞു നിന്നിരുന്നു.2013ൽ പുറത്തിറങ്ങിയ മുംബൈ പോലീസ്, മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ നിലവാരമുള്ള ത്രില്ലർ സിനിമകൾക്കുള്ള ക്ഷാമം നന്നേ പ്രകടമായിരുന്നു.ഈ ശ്രേണിയിലേക്കുള്ള മലയാള സിനിമയുടെ ഉജ്ജ്വലമായ തിരിച്ചുവരവാണ് മിഥുൻ മാനുവലിന്റെ ‘അഞ്ചാം പാതിരാ’.ത്രില്ലർ സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷക സമൂഹത്തിന് കുറച്ച് നാളുകൾക്ക് ശേഷം ലഭിക്കുന്ന അത്യുഗ്രൻ ത്രില്ലർ എന്ന നിലയിൽ അവർ ആഘോഷിക്കുകയാണ് അഞ്ചാം പാതിരയെ. അതിന്റെ തെളിവുകളാണ് ഹൗസ് ഫുൾ ബോർഡുകളുടെ ഈ നീണ്ട നിര.
പൊലീസുകാരെ മാത്രം ഉന്നം വെക്കുന്ന സീരിയൽ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രം. അന്യഭാഷാ ത്രില്ലറുകൾ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾക്ക് ഇനി അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാം ആണ് സംഗീതം.