കഴിഞ്ഞ ദിവസം ലോകമെമ്പാടും ഫാദേഴ്സ് ഡേ ആചരിച്ചിരുന്നു. വ്യത്യസ്തവും വളരെ രസകരവും ആയ ഒരു ഫാദേഴ്സ് ഡേ കുറിപ്പും ഒപ്പം ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് അന്ന ബെൻ. സ്വന്തം അച്ഛനെ പള്ളിയിലച്ചന്റെ വേഷത്തിൽ കണ്ട് അമ്പരന്ന് അന്നാ ബെൻ എഴുതിയ കുറിപ്പാണിത്.
“അച്ഛൻ ഫലിതങ്ങള്‍ വേറെ ലെവലിലെത്തിക്കുന്നയാളാണ് ഇദ്ദേഹം. ഞങ്ങളുടെ അച്ഛൻ ഒരു പള്ളീലച്ചനായി എത്തിയിരിക്കുന്നു. രാവിലെ എണീറ്റത് ഇത് കണ്ടുകൊണ്ടാണ്, തമാശയ്ക്കാണെങ്കിലും ആരെങ്കിലും ഇങ്ങനെയൊരു വേഷം കൊടുത്താൽ അച്ഛൻ തകര്‍ക്കും. എവിടെ നിന്ന് ഈ ളോഹ കിട്ടിയെന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാകും, ഞാനും സംശയിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ തന്നെ ഏതോ സിനിമകളിലെയാണെന്നാണ് കരുതുന്നത്, ഫാദേഴ്സ് ഡേ സ്പെഷൽ, ഞാൻ ഇത് പകർത്തുമെന്ന് അറിയാമായിരുന്നു, പക്ഷേ അദ്ദേഹം കൂളായിരുന്നു. എല്ലാ അച്ഛൻമാര്ക്കും, നിങ്ങളെല്ലാവരും സ്പെഷലാണ്. ’അന്ന ബെൻ കുറിച്ചു.
ജൂനിയർ മാൻഡ്രേക്ക്, ആകാശഗംഗ, വാഴുന്നോർ, കല്യാണരാമൻ, കുഞ്ഞിക്കൂനൻ, തൊമ്മനും മക്കളും, ചാന്തുപൊട്ട്, പോത്തൻവാവ, ഛോട്ടാമുംബൈ, അണ്ണൻതമ്പി, സ്പാനിഷ് മസാല തുടങ്ങി നിരവധി സിനിമകൾക്ക് തിരക്കഥ ഒരുക്കിയ ബെന്നി പി. നായരമ്പലമാണ് അന്നയുടെ അച്ഛൻ. കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ, കപ്പേള എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്ന ബെൻ.