അനശ്വര രാജനെ പിന്തുണച്ചുകൊണ്ട് വി ഹാവ് ലെക്സ് എന്ന ക്യാമ്പയിൻ റിമാകല്ലിങ്കൽ ആരംഭിച്ചിരുന്നു. അന്ന ബെൻ ഉൾപ്പെടെ നിരവധി യുവതാരങ്ങൾ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ ലെഗ് പ്ലീസ് എന്ന് കമന്റ് ചെയ്ത് ഒരു സദാചാര ആങ്ങളക്ക് ഉത്തരം മുട്ടിക്കുന്ന മറുപടി നൽകുകയാണ് താരം. ‘ലെഗ് പീസ് ഇല്ലേ’ എന്ന ചോദ്യത്തിന് ഹാൻഡ് പീസ് മതിയോ എന്നാണ് അന്നയുടെ മറുപടി. മറുപടി നൽകിയ അന്നയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തുവന്നത്.
വസ്ത്രധാരണത്തിന് പേരിൽ കഴിഞ്ഞ ദിവസം അനശ്വരക്ക് ഏറെ പരാമർശങ്ങൾ കേൾക്കേണ്ടി വന്നു. താരത്തിന് പിന്തുണയുമായി യുവനടിമാർ എത്തിയിരിക്കുകയാണ്. അന്ന ബെൻ, നയൻതാര ചക്രവർത്തി, എസ്തർ, രജിഷ വിജയൻ, അമേയ, തുടങ്ങി നിരവധിപേരാണ് വിഷയത്തിൽ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. റിമ കല്ലിങ്കലാണ് ഈ ക്യാമ്പയിൻ മുന്നോട്ടുവച്ചത്. കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചാണ് പല നടിമാരും അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അമേയ കുറിച്ചത് ഇങ്ങനെയാണ്. ‘കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം ” ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ്.
ഒരു ഫോട്ടോഷൂട്ടിൽ അനശ്വര ധരിച്ച ഒരു വസ്ത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്. 18 വയസ്സ് തികയാൻ കാത്തിരിക്കുകയായിരുന്നോ വസ്ത്രങ്ങൾ അഴിക്കാൻ എന്ന തരത്തിലുള്ള കമന്റുകൾ ആണ് അനശ്വര നേരിട്ടത്. ഏറെ വിമർശനം നേരിടേണ്ടി വന്ന അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു. “ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ,” എന്നായിരുന്നു അനശ്വരയുടെ മറുപടി.