സംവിധായകൻ വൈശാഖിന്റെ പുതിയ ചിത്രത്തിൽ നായകരായി അന്ന ബെന്നും റോഷൻ മാത്യുവും ഇന്ദ്രജിത്ത് സുകുമാരനും. ‘നൈറ്റ് ഡ്രൈവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി വൈശാഖ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പ്രിയ വേണു, നീത പിന്റോ എന്നിവരാണ് നിർമാതാക്കൾ. അഭിലാഷ് പിള്ള തന്നോട് സ്ക്രിപ്റ്റ് പറഞ്ഞിട്ട് രണ്ടു വർഷമായെന്നും അന്നു മുതൽ ഈ സിനിമ ചെയ്യാനുള്ള ആഗ്രഹത്തിൽ ആയിരുന്നു ഓരോ നിമിഷമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈശാഖിന്റെ ഫേസ്ബുക്ക് കുറിപ്പ് – ‘വളരെ ആവേശത്തിലാണ് ..!
മല്ലു സിംഗിന് ശേഷം ആൻ മെഗാ മീഡിയയുമായി സഹകരിച്ച് ‘നൈറ്റ് ഡ്രൈവ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാന സംരംഭം ഇന്ന് ആരംഭിക്കുന്നു. അഭിലാഷ് പിള്ള എന്നോട് സ്ക്രിപ്റ്റ് പറഞ്ഞിട്ട് രണ്ട് വർഷമായി. അതിനുശേഷം എപ്പോഴും ഈ സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. ഈ സിനിമ നിർമിക്കുന്നതിന് പ്രിയ വേണുവിനും നീതാ പിന്റോയ്ക്കും വളരെ നന്ദി. എന്നിൽ വിശ്വസിച്ചതിനും ഈ പദ്ധതിയിൽ ചേർന്നതിനും റോഷൻ മാത്യു, ഇന്ദ്രജിത്ത് സുകുമാരൻ, അന്ന ബെൻ എന്നിവർക്ക് ഒരു വലിയ നന്ദി. എന്റെ കുടുംബമായ മുഴുവൻ ക്രൂവിനോടും അഭിനേതാക്കളോടും സാങ്കേതിക വിദഗ്ധരോടും നന്ദിയുണ്ട്. ഇതിലെല്ലാമുപരി നിങ്ങൾ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഞാൻ ഇപ്പോൾ എന്തായിരിക്കുന്നുവോ അത് നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടു മാത്രമാണ്. എന്നിലുള്ള നിങ്ങളുടെ വിശ്വാസം വെറുതെയാകില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും ‘നൈറ്റ് ഡ്രൈവ്’ ഒരു അത്ഭുതകരമായ സമ്മാനമായിരിക്കും.നന്ദി & സ്നേഹം,വൈശാഖ്’
മധുരരാജ ആയിരുന്നു വൈശാഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പോക്കിരിരാജ, സീനിയേഴ്സ്, മല്ലൂസിംഗ്, കസിൻസ്, പുലിമുരുകൻ എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത മറ്റു സിനിമകൾ. സഹസംവിധായകനായി സിനിമയിൽ എത്തിയ വൈശാഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം പോക്കിരിരാജയാണ്. വൈശാഖിന്റെ ഏഴാമത്തെ സിനിമയായ പുലിമുരുകൻ ആണ് മലയാളം സിനിമയിലെ 100 കോടി വരുമാനം കവിഞ്ഞ ആദ്യസിനിമ.