ദീപാവലി ദിനത്തിൽ ആരാധകരെ ആവേശത്തിലാക്കാൻ രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യെത്തും. എന്നാൽ, റിലീസ് ആകുന്നതിനു മുമ്പ് തന്നെ സ്റ്റൈൽ മന്നന്റെ ആരാധകരെ ആവേശത്തിലാക്കാൻ ‘അണ്ണാത്തെ’യുടെ ട്രയിലർ എത്തി. രണ്ടു മിനിറ്റും 40 സെക്കൻഡും നീണ്ടു നിൽക്കുന്ന ട്രയിലർ യുട്യൂബിൽ റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ചിത്രത്തിൽ രജനികാന്തിന്റെ അനിയത്തിയായി കീർത്തി സുരേഷ് എത്തുന്നു. സ്നേഹമുള്ള അണ്ണനായും പ്രണയനായകനായും ആക്ഷൻ ഹീറോ ആയും ട്രയിലറിൽ സ്റ്റൈൽ മന്നൻ തകർത്താടുകയാണ്. ഇത്തവണത്തെ ദീപാവലി ‘അണ്ണാത്തെ’ തിയറ്ററുകളിൽ ആഘോഷമാക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് സംശയമൊന്നുമില്ല.
സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉത്സവത്തിമിർപ്പിലായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്തു വന്നത്. അണ്ണാത്തെ സിനിമയിലേതായി നേരത്തെ പുറത്തു വന്ന എല്ലാ ഫോട്ടോകളും ഓൺലൈനിൽ തരംഗമായിരുന്നു. മാസ് പടമാണ് അണ്ണാത്തെ എന്ന് വ്യക്തമാക്കുന്നതാണ് ട്രയിലറിലെ രംഗങ്ങൾ. ചിത്രത്തിൽ ആക്ഷൻ ഹീറോ ആയി രജനികാന്ത് എത്തുമ്പോൾ സ്റ്റൈൽ മന്നന്റെ ആരാധകർക്ക് അത ദീപാവലിക്ക് ഒപ്പം മറ്റൊരു ഉത്സവമാകും.
അണ്ണാത്തെയിലെ രണ്ടാമത്തെ ഗാനവും ആരാധകർ ഏറ്റെടുത്തിരുന്നു. ആക്ഷന് ഒപ്പം കോമഡിയും നിറഞ്ഞുനിൽക്കുന്ന ചിത്രമായിരിക്കും അണ്ണാത്തെ. രജനികാന്തിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു ഗ്രാമത്തലവനായി രജനികാന്ത് എത്തുന്നു. നയൻതാര, കീർത്തി സുരേഷ് എന്നിവരെ കൂടാതെ മീന, പ്രകാശ് രാജ്, ഖുശ്ബു, സൂരി, ജഗപതി ബാബു, അബിമന്യു സിംഗ് തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് ഉള്ളത്. സൺ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം. ദീപാവലി ദിനമായ നവംബർ നാലിന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിലെ ആദ്യഗാനം ആലപിച്ചത് എസ് പി ബാലസുബ്രഹ്മണ്യം ആയിരുന്നു. ആ ഗാനം വലിയ ഹിറ്റ് ആയിരുന്നു. ഡി ഇമ്മൻ ആണ് സംഗീതസംവിധാനം. ഗാനരചന നിർവഹിച്ചിരിക്കുന്നത് വിവേക ആണ്. ഛായാഗ്രാഹകൻ വെട്രി പളനിസാമിയാണ്.