ട്രാൻസ് സെക്ഷ്വലായ മേരിക്കുട്ടിയുടെ കഥ പറയുന്ന ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടി വിജയകരമായ പ്രദർശനം തുടരുകയാണ്. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പങ്കുവെക്കാനുള്ളത് ജയസൂര്യയുടെ പ്രകടനമാണ്. അടിമുടി മാറ്റവുമായി എത്തിയ ജയസൂര്യ ചെറുതായിട്ടൊന്നുമല്ല പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. സ്ത്രൈണഭാവങ്ങളും രൂപവുമായി ജയസൂര്യ എന്ന നടന്റെ എക്കാലത്തേയും മികച്ചൊരു പ്രകടനം തന്നെയാണ് രഞ്ജിത്ത് ശങ്കർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ കാണാൻ കഴിയുന്നത്. സിനിമാലോകവും പ്രേക്ഷകരും നിരൂപകരും ഒരേപോലെയാണ് ചിത്രത്തെ അഭിനന്ദിക്കുന്നത്. ഒരുപാട് വ്യത്യസ്ഥ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച ജയസൂര്യയുടെ പ്രിയ സുഹൃത്ത് അനൂപ് മേനോന്റെ വാക്കുകളിലൂടെ …
“ഇന്നലെ “ഞാൻ മേരിക്കുട്ടി” കണ്ടു.
രഞ്ജിത്തിന്റെയും ജയസൂര്യയുടെയും സിനിമ കാണാനാണ് പോയത്. രഞ്ജിത്തിനെ കണ്ടു….. ജയസൂര്യയെ കണ്ടില്ല…..
ഒരു ഭൂത കണ്ണാടിയിലും ആ സിനിമയിൽ ജയസൂര്യ എന്ന വ്യക്തി, നടൻ തെളിയില്ല….
മുന്നിൽ ഇതൾ വിരിയുന്ന കഥയിൽ ‘മേരിക്കുട്ടി” മാത്രം….. ജയസൂര്യ ഇല്ലേയില്ല…..
സിനിമയ്ക്കും മുകളിൽ ‘നടൻ’ ജ്വലിച്ചു നിൽക്കുന്ന അപൂർവ്വ കാഴ്ചകളിൽ ഒന്നാണ് മേരിക്കുട്ടി, ജയസൂര്യയുടെ അഭിനയ മികവിൽ മറ്റെല്ലാം മറന്ന്, സന്ദർഭങ്ങളെയും,ഉപകഥാപാത്രങ്ങളെയും മറന്ന് മേരിക്കുട്ടിയുടെ മനസ്സിനൊപ്പം മാത്രം നടത്തുന്ന ഒരു വൈകാരികയാത്രയാവുന്നു ആ സിനിമ. ഞാൻ എന്ന സഹപ്രവർത്തകനെ,തിരക്കഥാകൃത്തിനെ ബ്യൂട്ടിഫുള്ളിലും, ട്രിവാൻഡ്രം ലോഡ്ജിലും, ഡേവിഡ് & ഗോലിയത്തിലും, ഗ്യാങ്സ് ഓഫ് വടക്കുനാഥനിലും പകർന്നാട്ടങ്ങളിലൂടെ കണ്മുന്നിൽ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ജയൻ പലവട്ടം….
പക്ഷെ ഇന്ന് അത്ഭുതമല്ല… ആദരവാണ്.. ആത്മസുഹൃത്തോ സഹപ്രവർത്തകനോ അല്ല…… ഞാനിന്ന് അവന്റെ ആരാധകനാണ്”