ബാലരമയിലെ മായാവി എന്ന ചിത്രകഥ മലയാളികളെ സംബ്ബന്ധിച്ചിടത്തോളം ഏറ്റവുമധികം ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണ്. കുട്ടൂസൻ, ഡാകിനി, ലുട്ടാപ്പി, രാജു, രാധ, വിക്രമൻ, മുത്തു, ലൊട്ടുലൊടുക്ക്, ഗുൽഗുലുമാലു എന്നിങ്ങനെ അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. ഒരു വെബ്സീരീസായോ സിനിമയായോ മായാവിയെ കാണണമെന്ന് അതിയായ ആഗ്രഹമുള്ളവരാണ് ഓരോ മലയാളിയും.
മലയാളിയുടെ ആ ആഗ്രഹത്തെ തന്റെ കലാവിരുതിലൂടെ വരച്ചെടുത്തിരിക്കുകയാണ് അനൂപ് വേലായുധൻ എന്ന ഗ്രാഫിക് ഡിസൈനർ. ലുട്ടാപ്പിയായി ബിജുക്കുട്ടനെയും കുട്ടൂസനായി മാമുക്കോയയേയും ഡാകിനിയായി ഫിലോമിനയേയുമാണ് അദ്ദേഹം ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഏറ്റവുമധികം കൈയ്യടി നേടുന്നത് വിക്രമനും മുത്തുവുമാണ്. ഷമ്മി തിലകൻ വിക്രമനാകുമ്പോൾ മുത്തുവാകുന്നത് രമേഷ് പിഷാരടിയാണ്. മറ്റു കഥാപാത്രങ്ങൾ പിന്നാലെ എത്തുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.