പുതിയ വാഹനം സ്വന്തമാക്കി നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂർ. സകുടുംബം എത്തിയാണ് ആന്റണി പെരുമ്പാവൂർ വാഹനം സ്വന്തമാക്കിയത്. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. മിനി കൺട്രിമാൻ ആണ് പുതിയ വാഹനം . KL 07 CX 9009 എന്നതാണ് വാഹനത്തിന്റെ നമ്പർ. സെയ്ജ് ഗ്രീൻ നിറമുള്ള മിനി കൺട്രിമാൻ ആണ് കുടുംബത്തോടൊപ്പം എത്തി ആന്റണി പെരുമ്പാവൂർ സ്വന്തമാക്കിയത്.
മിനി കൺട്രിമാന്റെ വില 41 ലക്ഷം രൂപയാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ ചെറുകാർ വിഭാഗമായ മിനിയുടെ പുതിയ കൺട്രിമാൻ മോഡലുകളിൽ ഉൾപ്പെട്ടതാണ് മിനി കൺട്രിമാൻ കൂപ്പർ എസ്, മിനി കൺട്രിമാൻ കൂപ്പർ എസ് ജെ സി ഡബ്ല്യൂ എന്നീ രണ്ട് വകഭേദങ്ങളിൽ എത്തിയിട്ടുള്ള വാഹനങ്ങൾ. ദീർഘദൂര യാത്രകൾക്കും സിറ്റി ഡ്രൈവുകൾക്കും ഒരുപോലെ ഇണങ്ങുന്ന വാഹനമായിരിക്കും കൺട്രിമാൻ എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
നിറഞ്ഞ സന്തോഷത്തിലാണ് കൺട്രിമാനെ സ്വന്തമാക്കാൻ ആന്റണി പെരുമ്പാവൂർ കുടുംബത്തിനൊപ്പം എത്തിയത്. കഴിഞ്ഞയിടെ ആശിർവാദ് സിനിമാസിന്റെ ഇരുപത്തിരണ്ടാം വാർഷികം മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേർന്ന് ആഘോഷമാക്കിയിരുന്നു. ബറോസിന്റെ സെറ്റിൽ വെച്ചായിരുന്നു ആശിർവാദ് സിനിമാസിന്റെ ഇരുപത്തിരണ്ടാം വാർഷികം ആഘോഷിച്ചത്. മലയാളത്തിൽ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ചിത്രമായ ദൃശ്യവും ഇരുനൂറു കോടിയുടെ ബിസിനസ് നടത്തിയ ലൂസിഫറും ആശിർവാദ് ആയിരുന്നു നിർമ്മിച്ചത്. വൻ ബജറ്റിൽ മരക്കാർ എന്ന ചിത്രവും നിർമിച്ചു. ഇപ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ബിഗ് ബജറ്റ് ത്രീഡി ചിത്രത്തിന്റെ നിർമ്മാണവും ആശീർവാദ് തന്നെയാണ് ചെയ്യുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ട്വൽത് മാൻ, വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ, ഷാജി കൈലാസ് ചിത്രം എലോൺ, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എംപുരാൻ എന്നിവയാണ് ആശീർവാദ് സിനിമാസിന്റെ ബാനറിൽ എത്തുന്ന അടുത്ത ചിത്രങ്ങൾ.